sabarimala-women-entry

കോഴിക്കോട്: മണ്ഡല​ -മകരവിളക്ക് കാലത്ത് ശബരിമലയിൽ യുവതികൾ ദർശനത്തിന് എത്തിയാൽ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാൻ ആർ.എസ്.എസ് നീക്കം. തെക്കൻ കേരളത്തിൽ ഏഴ് ജില്ലകളിൽ നിന്നായി ദിവസവും അയ്യായിരത്തോളം സ്വയംസേവകരെ സന്നിധാനത്തെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഇത് കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തിൽ അമ്മമാരെയും ശബരിമലയിലെത്തിക്കും.

ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ ഏകോപിപ്പിച്ച ശബരിമല കർമ്മസമിതി ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരിയെ ഇത്തവണ സന്നിധാനത്തേക്ക് അയക്കില്ല. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആദ്യദിവസങ്ങളിൽ സന്നിധാനത്തുണ്ടാക്കും.

 ചുമതല അഞ്ച് മുതിർന്ന നേതാക്കൾക്ക്

ആർ.എസ്.എസിന്റെ തെക്കൻ മേഖലയിലെ അഞ്ച് വിഭാഗുകളുടെ ചുമതലയുള്ള പ്രചാരകൻമാരായിരിക്കും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പ്രതിഷേധം ഏകോപിപ്പിക്കുക. കൂടാതെ മ​റ്റൊരു പ്രചാരകനെ പത്തനംതിട്ട ജില്ലയിലും നിയോഗിക്കും.

 കഴിഞ്ഞ തവണ എത്തിയത് ഇരട്ടിപേർ

ചിത്തിര ആട്ടവിശേഷത്തിന് 5000 പേരെ സന്നിധാനത്തെത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും 12,500 പേർ സന്നിധാനത്തെത്തിയിട്ടുണ്ടെന്നാണ് ആർ.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്. ഇത് വലിയ ആത്മവിശ്വാസമാണ് നൽകിയത്. മണ്ഡല​ മകരവിളക്ക് കാലത്ത് കേരളത്തിലെ തങ്ങളുടെ മുഴുവൻ ശക്തിയും പ്രയോഗിക്കുന്നതിനൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും ഭക്തരെ എത്തിക്കാനും ആർ.എസ്.എസ് ശ്രമിക്കും. ഇതും പൊലീസിന് വെല്ലുവിളിയാകും.

ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം ശബരിമലയിൽ പൊലീസിന് കനത്തവെല്ലുവിളി ഉയർത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ആട്ടചിത്തിരക്ക് സന്നിധാനത്തെ അഞ്ച് സെക്ടറാക്കി തിരിച്ച് പൊലീസ് വിന്യാസം നടത്തിയപ്പോൾ ആർ.എസ്.എസ് ഓരോ സെക്ടറിനെയും മൂന്നായി വിഭജിച്ച് പൊലീസിന്റെ മൂന്നിരട്ടി കേഡർമാരെ വിന്യസിച്ച് പൊലീസിനെ ഞെട്ടിച്ചിരുന്നു. ഇതാണ് ഒരു സമയത്ത് നടപ്പന്തലിലുണ്ടായ സംഘർഷം കൈവിട്ട് പോകുമെന്ന് തോന്നിച്ച അവസരത്തിൽ പൊലീസ് വത്സൻ തില്ലങ്കേരിയെ ആശ്രയിക്കാൻ കാരണമായതും.