jagadhish

1990കളിലെ സിനിമകളിൽ ജഗദീഷ് - ഉർവശി ജോഡികൾ തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്തവരാണ്. എന്നാൽ,​ ജഗദീഷ് എന്ന കൊമേഡിനയിൽ ഒളിച്ചിരുന്ന നായകനെ വലിച്ച് പുറത്തിട്ടത് ഉർവശിയാണെന്ന കാര്യം അറിയാവുന്നവർ വളരെ വിരളമാണ്. അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് തന്നെയാണ് ഉർവശി തനിക്ക് നൽകിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

എനിക്കൊപ്പം അഭിനയിച്ച നടിമാരിൽ മനസ് കൊണ്ട് ഏറ്റവും അടുത്ത് നിൽക്കുന്നത് ഉർവശിയാണ്. മാനസികമായിട്ട് വലിയ ആത്മവിശ്വാസം തന്നയാളാണ് ഉർവശി. ഞാൻ നായനാകനാകാൻ ഭയന്നിരുന്ന കാലത്ത് അവർ എനിക്ക് തന്ന സപ്പോർട്ട് വലുതാണ്. ഒരിക്കൽ ഞാനും ഉർവശിയും കൂടി സെറ്റിലേക്ക് വരികയായിരുന്നു. അപ്പോൾ ആരോ ഒരാൾ പറ‌ഞ്ഞു,​ പദ്മിനിയും ശിവാജി ഗണേശനും വരുന്നെന്ന്. അപ്പോൾ എന്റെ മറുപടി. 'അങ്ങനെയല്ല പറയേണ്ടത് പദ്മിനിയും നാഗേഷും വരുന്നെന്ന് പറയൂട. ഇത് കേട്ടതും ഉർവശി ചൂടായി. 'എന്തിനാ ഈ അപകർഷതാബോധം,​ ഒരു കൊമേഡിയനായിട്ട് മാത്രമെ കാണുള്ളോ,​ നായകനായിട്ട് കണ്ടൂടെ' - ആ വാക്കുകൾ എനിക്ക് തന്ന ആത്നവിശ്വാസം ചെറുതല്ല - ജഗദീഷ് പറഞ്ഞു.

സിനിമയിൽ എല്ലാവരുമായിട്ടും അടുപ്പമവേ വയ്ക്കാൻ പറ്റൂ. ആത്മാർത്ഥ സൗഹൃദങ്ങൾ സിനിമയ്ക്ക് പുറത്താണ്. സിനിമയിലതിന് പരിമിതികളുണ്ട്. അവിടെ നല്ലൊരു പങ്കും വിജയത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടുകെട്ടാണ്. അല്ലെങ്കിൽ ആ സൗഹൃദം നിലനിറുത്താൻ പറ്റില്ല.