കോട്ടയം: നോർവയിൽ പെട്രോളിയം റിംഗിലേക്ക് എൻജിനീയർമാരെ തിരഞ്ഞെടുക്കാൻ വ്യാജ ഇന്റർവ്യൂ നടത്തിയ റിക്രൂട്ട്‌മെന്റ് സംഘം രാമപുരം പൊലീസിന്റെ പിടിയിലായി. മുട്ടം വില്ലേജ് മേലുകാവ് നീലൂർ കരയിൽ കണ്ടകത്ത് മഠത്തിൽ മാത്യുവിന്റെ മകൻ ലിറ്റോ (31), മുംബയ് സിദ്ധിവിനായക ടവറിൽ ഹെഡെ്ഡ വാസുദേവയുടെ മകൻ മഹേഷ് (37) എന്നിവരാണ് പിടിയിലായത്.
പരസ്യം കൊടുത്ത് ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുന്ന സംഘം ഓൺലൈനിൽ ബയോഡാറ്റാ വാങ്ങി ഇന്റർവ്യൂവിന് ക്ഷണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇന്റർവ്യൂ പാസായവർ 2,65,000 രൂപയാണ് ഫീസായി നൽകേണ്ടത്. അഡ്വാൻസായി 1,45,000 രൂപയും ബാക്കി 1,20,000 രൂപ ജോലി കിട്ടിയശേഷം നൽകണമെന്നുമാണ് വാക്കാലുള്ള കരാർ.
അഭിമുഖത്തിനെത്തിയ ഉദ്യോഗാർത്ഥികൾക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്. വിദേശത്തേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യണമെങ്കിൽ ഏജൻസിക്ക് മറ്റ് അധികാര പത്രങ്ങൾ കൂടാതെ പ്രോട്ടക്ട്രർ ഒഫ് എമിഗ്രൻസിന്റെ ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് സംഘത്തിന് ഇല്ലെന്ന് പൊലീസ് പറഞ്ഞു. രാമപുരം സ്‌കൂളിന് സമീപത്തെ ബിൽഡിംഗിലാണ് സീലൈൻസ് എന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസി പ്രവർത്തിച്ചിരുന്നത്. രാമപുരം സർക്കിൾ ഇൻസ്‌പെക്ടർ ജോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.