കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ മലയാള വിഭാഗം പ്രൊഫ. ഡോക്ടർ സുനിൽ പി. ഇളയിടത്തിന് എതിരെ നടന്ന അക്രമസംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വിദ്യാർത്ഥികളെയും ഡിഗ്രി പഠനം കഴിഞ്ഞ് പുറത്തുപോയ വിദ്യാർത്ഥികളെയും സംഘടന നേതാക്കളെയും കണ്ടെത്തി ചോദ്യം ചെയ്തു. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം പ്രതിഷേധിച്ച് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അദ്ധ്യാപകരുടെ മുറിക്ക് മുമ്പിൽ രേഖപ്പെടുത്തിയിരുന്ന അപായസൂചനകളിലും വധഭീഷണിയിലും പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥി സംഘടനകളുടെയും അദ്ധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമികൾ, യൂണിവേഴ്സിറ്റിയിലെ ഒന്നാം ബ്ലോക്കിലെ മലയാളവിഭാഗം ഓഫീസിനു മുന്നിലെത്തി സുനിൽ പി ഇളയിടത്തിന്റെ പേരുവച്ച ബോർഡ് ഇളക്കി മാറ്റുകയും മുറിക്കു മുന്നിൽ കാവി നിറത്തിൽ ഗുണനം ആകൃതിയിൽ അപായസൂചനകൾ വരയ്ക്കുകയും ചെയ്തത്. ക്യാമ്പസിലെ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങൾ കത്തിച്ചതായി എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.
സംഭവത്തിനു പിന്നിൽ സംഘപരിവാർ - ആർ.എസ്.എസ് പ്രവർത്തകരെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർ ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം നടത്തിയിട്ടില്ല. അദ്ധ്യാപക - അനദ്ധ്യാപക സംഘടനകളും യൂണിവേഴ്സിറ്റി വിഭാഗം മറ്റു ജീവനക്കാരും എ.കെ.ആർ.എസ് വിഭാഗത്തിലെ ഗവേഷണവിഭാഗം വിദ്യാർത്ഥികളും സംഭവത്തിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് രാവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രതിഷേധ യോഗം ചേർന്നു.