കാഞ്ഞങ്ങാട്: കിണറിന്റെ ആൾമറയിൽ ഇരുന്ന് ഫോൺ ചെയ്തു കൊണ്ടിരുന്ന യുവാവിനെ പിന്നീട് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം കളരിക്കാലിലെ സുജിത് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. നേരത്തെ കിണറിന്റെ മുകളിൽ ഇരുന്ന് സുജിത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറിൽ വീണുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പരിസര വാസികൾ ചേർന്ന് മൃതദേഹം പുറത്തെടുത്തു ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രവാസിയായ സുജിത്ത് ഗൾഫിൽ നിന്ന് എത്തിയ ശേഷം നാട്ടിൽ പെയിന്റിംഗ് ജോലി ചെയ്തുവരികയാണ്.

ഭാര്യ: റെജീന. നവജാത ശിശു അടക്കം രണ്ടു മക്കളുണ്ട്. കളരിക്കാലിലെ വി.വി. മുകുന്ദന്റെയും ശാരികയുടെയും മകനാണ്. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം നടത്തിവരുന്നു.