f
സുനിൽ പി. ഇളയിടം

തിരുവനന്തപുരം: കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത് എന്നതിന്റെ തെളിവാണ് ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് പ്രഭാഷണം നടത്തിയതിന്റെ പേരിൽ എനിക്ക് നേരെയുണ്ടായ വധഭീഷണിയും ഒാഫീസിന് നേരെയുണ്ടായ ആക്രമണവുമെന്ന് സംസ്കൃത സർവകലാശാല മലയാളം വിഭാഗം അദ്ധ്യാപകനും സാമൂഹ്യ നിരീക്ഷകനും പ്രഭാഷകനുമായ പ്രൊഫ. സുനിൽ പി. ഇളയിടം. ഇതേക്കുറിച്ച് അദ്ദേഹം ഫ്ലാഷിനോട് സംസാരിക്കുന്നു:

ഭയപ്പെടുത്താമെന്ന് കരുതണ്ട

ഇത്തരം ഭീഷണികൾ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. സാമൂഹ്യമാദ്ധ്യമങ്ങളിലെ അതിക്രമങ്ങളും അപവാദങ്ങളും വ്യക്തിഹത്യയുമെല്ലാം പല രൂപത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.


ആക്രമണം ഭീകരം, ഗുരുതരം

ശബരിമലയിൽ യുവതികൾ കയറരുത് എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വാദത്തെപ്പോലെതന്നെ പ്രധാനമാണ് സുപ്രീം കോടതിയുടെ യുവതികൾക്കും കയറാം എന്ന ഉത്തരവ്. അതിനെ അനുകൂലിച്ച് സംസാരിക്കുമ്പോൾ ആക്രമിക്കപ്പെടുക എന്നത് ഭീകരവും ഗുരുതരവുമാണ്. എനിക്ക് നേരെ മാത്രമല്ല ഇത്തരത്തിൽ ആക്രമണമുണ്ടാവുന്നത്. സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണവും സമാന രീതിയിലുള്ളതും ഇതെല്ലാം ചെറുത്ത് തോൽപ്പിക്കേണ്ടതുമാണ്.

ഇത് രാഷ്ട്രീയ പ്രശ്നമല്ല

ഇത് ഇടതുപക്ഷ- വലതുപക്ഷ രാഷ്ട്രീയ പ്രശ്നമൊന്നുമല്ല. ബി.ജെ.പിയും ആർ.എസ്.എസും ഈ പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ശരിയായതോ തെറ്റായതോ ആയ ഒരു അഭിപ്രായ പ്രകടനവും ഇവിടെ നടത്താനാവുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം.

c
സുനിൽ പി. ഇളയിടം

മതങ്ങൾ പരിഷ്കരിക്കപ്പെടണം

പ്രായോഗികമായി എല്ലാ മതങ്ങളുടെയും ഉള്ളടക്കം ഏറക്കുറേ സ്ത്രീ വിരുദ്ധമാണ്. മതങ്ങളെ ആഭ്യന്തരമായി പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നാൽ അതിനെപ്പറ്റിയും സംസാരിക്കും. ലിംഗവിവേചനമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം.

c
സുനിൽ പി. ഇളയിടം

നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു

സുപ്രീംകോടതി വിധി നടപ്പാക്കാൻ അനുവദിക്കാതെ നിയമ വ്യവസ്ഥയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നത് ആർ.എസ്.എസും സംഘപരിവാർ സംഘടനകളുമാണ്. ലിംഗ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശബരിമലയുമായി ബന്ധപ്പെട്ട് മാത്രമല്ല, അല്ലാതെയും ചർച്ച ചെയ്യപ്പെടേണ്ടതും തിരുത്തേണ്ടതുമാണ്.

മുഖ്യമന്ത്രി ശക്തൻ

നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ശക്തമായ നിലപാടുകളാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനിൽ നിന്നുണ്ടാവുന്നത്. ലോക്‌‌സഭാ ഇലക്ഷന്റെ പടിവാതിലിൽ നിന്നുകൊണ്ട് പോലും വോട്ട് ബാങ്കുകൾ നോക്കാതെ ശക്തമായ നിലപാടെടുക്കാനും എന്ത് പ്രശ്നമുണ്ടായാലും അതിലുറച്ച് നിൽക്കാനും കഴിയുന്നു എന്നതാണ് മുഖ്യമന്ത്രിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.