വാഹനാപകടങ്ങൾക്കും മരണത്തിനും ഒരു കുറവുമില്ലാത്ത സംസ്ഥാനത്ത്, വ്യാഴാഴ്ച വൈകിട്ട് കഴക്കൂട്ടത്ത് സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങിയ ആലിയ ഫാത്തിമ എന്ന പതിനൊന്നുകാരിയുടെയും എഴുപത്തെട്ടുകാരനായ അപ്പൂപ്പൻ അബ്ദുൾ സലാമിന്റെയും ദാരുണ മരണം ഒരിക്കൽക്കൂടി പൊതുനിരത്തുകളിൽ നടമാടുന്ന അരാജകത്വത്തിന്റെ തെളിവായി.
ബസിൽ വന്നിറങ്ങുന്ന കുട്ടിയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോകാൻ എന്നും അപ്പൂപ്പനാണ് എത്തുന്നത്. വ്യാഴാഴ്ച വൈകിട്ടും ആ പതിവു തെറ്റിയില്ല. എന്നാൽ റോഡിന്റെ അരികുചേർന്നു നടന്നുപോയ ഇരുവരെയും പാഞ്ഞുവന്ന കാർ ഇടിച്ചിടുകയായിരുന്നു. കാർ ഓടിച്ചിരുന്ന മുൻ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
അബ്ദുൽ സലാമിനെയും പേരക്കുട്ടിയെയും ഇടിക്കുന്നതിനു മുമ്പ് ഏതാനും ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് പോസ്റ്റുമൊക്കെ തകർത്തിരുന്നു. നിയന്ത്രണം വിട്ടത് കാറിനായിരുന്നില്ല. കാർ ഓടിച്ചയാൾക്കായിരുന്നുവെന്നതിന്റെ തെളിവാണിതൊക്കെ. അപകടത്തിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവർ മാഹിൻ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധന നടത്തിയതിൽ സ്ഥിരീകരണവും ലഭിച്ചു. അപകടത്തിനു ശേഷം അവിടെ നടന്ന സംഭവങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ സ്വതസിദ്ധമായി ഉണ്ടാകുന്ന രോഷപ്രകടനത്തിന്റെ ഭാഗം മാത്രമായേ കരുതാനാവൂ. അരിശം പൂണ്ട നാട്ടുകാർ കാർ അടിച്ചുതകർക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. ഓർക്കാപ്പുറത്തുണ്ടായ അപകടത്തിൽ കുടുംബത്തിനുണ്ടായ നഷ്ടത്തിന്റെയും അനാഥത്വത്തിന്റെയും ആഴം എത്ര വലുതായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല.
മദ്യലഹരിയിൽ സംഭവിച്ച തന്റെ കരുതലില്ലായ്മ എത്ര വലിയ വിനയാണു വരുത്തിവച്ചതെന്ന് അപകടത്തിനു കാരണക്കാരനായ ആൾ ചിന്തിച്ചിരിക്കാനിടയില്ല. റോഡ് ഉപയോഗിക്കേണ്ടിവരുന്ന എത്രയോ പേരുടെ ജീവനാണ് തന്റെ വിവേകശൂന്യമായ പ്രവൃത്തിമൂലം അപകടത്തിലാകുന്നതെന്നു ചിന്തിക്കാനുള്ള മാനസികാവസ്ഥ അയാൾക്ക് നഷ്ടപ്പെട്ടിരിക്കും. നമ്മുടെ നിരത്തുകളിൽ സാധാരണ കാണുന്ന അഴിഞ്ഞാട്ടങ്ങളിലൊന്നു മാത്രമാണിത്. പകലും രാത്രിയുമെന്നില്ലാതെ ഇതുപോലുള്ള സാമൂഹ്യദ്റോഹികൾ മൂക്കറ്റം മദ്യപിച്ച് വാഹനങ്ങൾ ഓടിച്ച് കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരെ ഭീതിയിലാക്കാറുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവറെ വലിയ നാശം വരുത്തുന്ന ബോംബ് വാഹകനായി വേണം പരിഗണിക്കാനെന്ന് മുൻപ് സുപ്രീംകോടതി വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിൽ അഭിപ്രായപ്രകടനം നടത്തിയതാണ് ഓർമ്മ വരുന്നത്. കേരളത്തിലെ പൊതുനിരത്തുകൾ അടുത്തകാലത്തായി ഇത്തരം സഞ്ചരിക്കുന്ന ബോംബുകളുടെ ഒഴിയാത്ത ഭീഷണിയുടെ നിഴലിലാണ്. പിഞ്ചുകുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ ബസ് ഓടിക്കുന്നവരിൽ പോലും മദ്യപന്മാർ ധാരാളമുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. തിരുവനന്തപുരത്ത് അടുത്തകാലത്തു നടന്ന വാഹന പരിശോധനയിൽ ബോദ്ധ്യപ്പെട്ട കാര്യമാണത്. പരിശോധന രാവിലെയായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. രാവിലെ തന്നെ 'സേവ"യും കഴിഞ്ഞ് സ്കൂൾ ബസിന്റെ വളയം പിടിക്കുന്നവന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
മരണത്തിനു കാരണമാകുന്ന വാഹനാപകടങ്ങൾ വരുത്തുന്നവർക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ എന്ന വകുപ്പിലാണ് സാധാരണ കേസെടുക്കാറുള്ളത്. ലഘുവായ ശിക്ഷ വാങ്ങി രക്ഷപ്പെടാനുള്ള പഴുതുകളും ധാരാളമാണ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ പോലും കേസ് കോടതിയിൽ എത്തുമ്പോഴേക്കും തെളിവും സാക്ഷികളുമൊക്കെ പലപ്പോഴും മാറിമറിയുന്നതു പതിവാണ്. വാഹനാപകട കേസുകൾ പൊലീസിനും അഭിഭാഷകർക്കുമൊക്കെ നല്ല കൊയ്ത്തിനുള്ള അവസരമാണ്. മനഃപൂർവമായ നരഹത്യയ്ക്കുള്ള ശിക്ഷ തന്നെയാണ് മദ്യപിച്ച് വാഹനം ഓടിച്ച് ആളപായം വരുത്തുന്നവർക്ക് നൽകേണ്ടത്. അടുത്തകാലത്ത് ബന്ധപ്പെട്ട നിയമത്തിൽ ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അപകടമരണങ്ങൾക്ക് ഒരു കുറവും കാണുന്നില്ല. മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല. കഴക്കൂട്ടത്ത് അപ്പൂപ്പന്റെയും പേരക്കുട്ടിയുടെയും ജീവനെടുത്ത കാറപകടം നടന്നതിന്റെ പിറ്റേന്നു രാവിലെ തിരുവനന്തപുരം മലയിൻകീഴിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ഒരു കാറിടിച്ച് ഏതാനും പേർക്ക് ഗുരുതരമായി പരിക്കേറ്റു. വഴിയാത്രക്കാരും ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നവരുമൊക്കെയായിരുന്നു ഇരകൾ. ആളുകളെ ഇടിച്ചിട്ട് നിറുത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്നു പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു.
നിയമത്തെ തരിമ്പും കൂസാതെയുള്ള ഇത്തരം പ്രവൃത്തികൾ സംസ്ഥാനത്തെവിടെയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗിനിടെ തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു നിമിഷത്തെ അശ്രദ്ധ എത്രമാത്രം ദുരന്തപര്യവസായിയാകാമെന്ന് ആരും ഓർക്കാറില്ല. കഴക്കൂട്ടത്ത് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ പിതാവ് മൂന്നുവർഷം മുൻപ് ട്രെയിനിൽ നിന്ന് വീണ് അകാലമൃത്യുവിനിരയായതാണ്. കുടുംബത്തിന്റെ നെടും തൂണു നഷ്ടപ്പെട്ടതിന്റെ ആകുലതകൾ മാറുന്നതിനു മുൻപാണ് ആശ്രയമായിരുന്ന കുടുംബനാഥനും ഇല്ലാതായിരിക്കുന്നത്. എത്ര ദാരുണമായ ദുർവിധിയാണ് ആ കുടുംബം അനുഭവിക്കേണ്ടിവരുന്നത്.