വിവാഹപൂർവ ബന്ധവും വിവാഹേതര ബന്ധവും വിവാഹം കഴിഞ്ഞാൽ അത്ര സുഖമുള്ള കാര്യമല്ല. രണ്ടിന്റേയും പേരിൽ കുടുംബം തകരാൻ അധിക സമയമൊന്നും വേണ്ട. വിവാഹപൂർവ ബന്ധം ഉണ്ടായിരുന്നവരിൽ ഒരു പരിധിവരെ വിവാഹത്തോടെ എല്ലാം വച്ചുകെട്ടും. അല്ലെങ്കിൽ വിവാഹത്തിന് മുമ്പ് തന്നെ അടിച്ചുപിരിയുകയും വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുന്ന ഒരു കല്യാണത്തിന് സമ്മതിക്കുകയും ചെയ്യും. പക്ഷേ, കെട്ടിയ പെണ്ണിനോട് ആദ്യരാത്രി തന്നെ ഇതൊക്കെ അങ്ങ് വിളമ്പിയാലോ? പോരെ പൂരം. നേരം വെളുക്കുന്പോൾ പെണ്ണ് പെണ്ണിന്റെ പാട് നോക്കി അവളുടെ വീട്ടിൽ പോയിരിക്കും. അതുകൊണ്ടാണ് പറയുന്നത് ആദ്യരാത്രി പറയുന്ന രഹസ്യം കുഴിമാടം വരെ പിന്തുടരുമെന്ന്.
പറഞ്ഞുവന്നത് എ.ആർ.ബിനുരാജ് സംവിധാനം ചെയ്ത നിത്യഹരിത നായകൻ എന്ന സിനിമയെ കുറിച്ചാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായകനായ ഈ സിനിമ പക്ഷേ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും തീർത്തും സിനിമാപ്രേമികളെ നിരാശപ്പെടുത്തുന്നതാണ്. അത്ര വലിയ പഠിപ്പോ വലിയൊരു ജോലിയോ ഇല്ലാത്ത ചെറുപ്പക്കാരനാണ് സജിമോൻ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വിവാഹിതനാകുന്നത് മുമ്പ് വരെയുള്ള പ്രണയ യാത്രകളുടെ സമാഹാരമാണ് ഈ സിനിമ.
നായകന്റെ ആദ്യ രാത്രിയിലൂടെ തുടങ്ങുന്ന സിനിമ പതിയെ ഫ്ളാഷ്ബാക്കിലൂടെ സഞ്ചരിച്ച് പ്രണയകാലത്തിന്റെ നല്ലതും ചീത്തയായതുമായ ഓർമകളിലൂടെ പ്രേക്ഷകരെ നടത്തിക്കും. പക്ഷേ അത്ര സുഖകരമായ സവാരിയല്ല ഇത്. കെട്ടുറപ്പുള്ള കഥയോ അതിനൊപ്പിച്ചുള്ള തിരക്കഥയോ ഇല്ലാതെ പോയതാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. ഇന്നത്തെ കാലത്ത് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായി മാറിയ ഇലക്ട്രോണിക് ഉപകരണത്തിന്റെ ദുരുപയോഗമെന്ന ആശയത്തിൽ എത്താൻ തിരക്കഥാകൃത്ത് ജയഗോപാൽ കണ്ടെത്തിയ വഴിയാകട്ടെ ഒരുമാതിരി പൈങ്കിളിയുമായിപ്പോയി. ഞാനും സഖിമാരും എന്നൊരു അഴകൊഴമ്പൻ ലൈനാണ് സിനിമയ്ക്ക്. കാണുന്ന പെണ്ണുങ്ങൾക്കെല്ലാം നായകനോട് പ്രണയം തോന്നിയാൽ എന്താകും അവസ്ഥയെന്ന് പറയുകയും വേണ്ട. സിനിമയുടെ പേരിൽ തന്നെയുണ്ട് രണ്ട് പുതുമുഖ നായികമാർ. ഇത് പോരാത്തതിന് പിന്നെയും രണ്ട് പ്രണയ പരാജയങ്ങളുടെ അരോചകമായ കഥയും പ്രേക്ഷകർ സഹിക്കണം.
മുൻ കാമുകിമാരുടെ പ്രണയചാപല്യങ്ങളുടെ കഥ കേട്ട് വശം കെട്ടിരിക്കുന്പോഴാണ് അരോചകങ്ങളായ ചില (എല്ലാമല്ല) ഗാനങ്ങൾ കൊണ്ടുവന്ന് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നത്. വിഷ്‌ണുവും സംവിധായകൻ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന ജോബി എന്ന കഥാപാത്രത്തേയും ഉൾപ്പെടുത്തിയുള്ള സ്കൂൾ സീനുകൾ ഇടുക്കി ഗോൾഡ് സിനിമയെ ഓർമിപ്പിക്കും. അവിടെ നിന്ന് കോളേജ് കാലത്തിലെത്തുമ്പോൾ പഴയ ക്ളാസ്‌മേറ്റ്സ് സിനിമയിലെ എസ്.എഫ്.കെ മോഡലിലെ കോളേജ് രാഷ്ട്രീയത്തേയും നൈസായങ്ങ് റാഞ്ചിയിട്ടുണ്ട്. ദോഷം പറയരുതല്ലോ, സമരം സ്വാശ്രയനയം തന്നെയാണ്. അവിടെയുമുണ്ട് ഒരു പ്രണയകഥ. നായകന്റെ കാമുകിമാർ മൂന്ന് പ്രബല മതത്തിൽ നിന്നുള്ളവരാണ്. ഇത് പോരാത്തതിന് നൈസായി തേയ്ക്കുന്ന ന്യൂജനറേഷൻ പ്രണയവും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.
അനാവശ്യ രംഗങ്ങൾ കൊണ്ടുവന്ന് സിനിമയെ വലിച്ചു നീട്ടിയിരിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന പോരായ്‌മ. 155 മിനിനിട്ടുള്ള സിനിമ പലപ്പോഴും പ്രധാന പ്രമേയത്തിലേക്ക് കടക്കാതെ ഉപരിപ്ലവമായ കാര്യങ്ങളെ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കോമഡി രംഗങ്ങളുടെ കൃത്രിമത്വം നല്ലതുപോലെ അനുഭവിച്ചറിയാം. ശരിക്ക് പറഞ്ഞാൽ കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കുന്ന ഒരു തരം തട്ടിക്കൂട്ട് ഏർപ്പാട്. വിഷ്‌ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ധർമജൻ ബോൾഗാട്ടി നിർമാതാവായ ചിത്രം കൂടിയാണിത്. മാത്രമല്ല, അദ്ദേഹം സിനിമയിൽ പാടിയിട്ടുമുണ്ട്. വേണമെങ്കിൽ ആവേശപ്പെടുത്താവുന്ന തരത്തിലുള്ള സിനിമയൊരുക്കാനുള്ള കാര്യങ്ങൾ സിനിമയിൽ ഉണ്ടായിരുന്നിട്ടുകൂടി അത് വേണ്ടവിധം ഉപയോഗിക്കാൻ കഴിയാതെ പോയ ഈ ചിത്രത്തെ പാതി പോലും വെന്തിട്ടില്ലാത്ത ഒന്നായി വിലയിരുത്താം.
കാമുകിമാരുമായി ആറാടുന്ന നായകന് അഭിനയത്തിന് അധികം സ്കോപ്പുള്ള വേഷമൊന്നുമല്ല. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി. അഖില നാഥ് എന്നിവരാണ് നായികമാർ. ഇവർക്കൊന്നും തന്നെ കാര്യമായി യാതൊന്നും ചെയ്യാനില്ല. ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, ജാഫർ ഇടുക്കി, സുനിൽ സുഖദ, സാജു നവോദയ, എ.കെ.സാജൻ, മഞ്ജു പിളള, അഞ്ജു അരവിന്ദ് , ഗായത്രി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വാൽക്കഷണം: നിത്യഹരിത നായകൻ എന്ന പേര് തന്നെ അനുചിതം