sabarimala-government
sabarimala government

തിരിച്ചടിയൊഴിവാക്കാൻ പഴുതടച്ച് നീങ്ങണം

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് സാവകാശം തേടട്ടെയെന്ന നിലപാടിലേക്ക് സർക്കാർ വഴങ്ങിയത്, വ്യാഴാഴ്ച രാവിലെ മുതൽ സി.പി.എം, സി.പി.ഐ നേതാക്കൾ നടത്തിയ ആശയവിനിമയത്തിന്റെ തുടർച്ചയാണെന്ന് സൂചന.

സാവകാശ ഹർജിയോട് കോടതി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുണ്ട്. സെപ്റ്റംബർ 28ന്റെ വിധിയിൽ സാവകാശ ഹർജി നൽകാൻ രണ്ട് മാസം വൈകിയത് എന്തിനെന്ന് കോടതി ചോദിച്ചാൽ കുഴയും. പഴുതടച്ച് നീങ്ങണമെന്നാണ് ദേവസ്വം ബോർഡിന് കിട്ടിയ നിയമോപദേശം.സർക്കാരും ഇടത് നേതൃത്വവും ഇതേ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനുവരി 22ന് റിവ്യൂ ഹർജി കേൾക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ച സ്ഥിതിക്ക് സാവകാശ ഹർജി നൽകിയാൽ കുഴപ്പമാവില്ലെന്ന് തങ്ങൾക്ക് നിയമോപദേശം കിട്ടിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം പന്തളംരാജകുടുംബം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും പ്രളയത്തിൽ തകർന്ന സൗകര്യങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാത്തതും വനംവകുപ്പിന്റെ തടസങ്ങളും യുവതികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാത്തതുമെല്ലാം ഡിജിറ്റൽ തെളിവുകൾ സഹിതം ഹർജിക്കൊപ്പം സമർപ്പിച്ചേക്കും.

സർവ്വകക്ഷി യോഗത്തിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും നടന്ന ചർച്ചകളിൽ സുപ്രീംകോടതിയുടെ ഒടുവിലത്തെ തീരുമാനത്തിന്റെ നിയമപരവും പ്രായോഗികവുമായ വശങ്ങൾ വിലയിരുത്തി. സർക്കാരിന് മറ്റ് പോംവഴിയില്ലെന്നായിരുന്നു വിലയിരുത്തൽ. ഇതെല്ലാം കണക്കിലെടുത്താണ് നിലപാടിൽ ഉറച്ച് നിൽക്കാൻ തീരുമാനിച്ചത്.

നിയമതടസങ്ങൾ ബോദ്ധ്യമുണ്ടായിട്ടും ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രീയമുതലെടുപ്പ് നടത്തുമ്പോൾ തന്ത്രിമാരെയും കൊട്ടാരത്തെയും വിശ്വാസത്തിലെടുക്കണമെന്ന് കാനം ചൂണ്ടിക്കാട്ടി.സർവ്വകക്ഷി യോഗത്തിന് തൊട്ടുമുമ്പ് മന്ത്രി ഇ. ചന്ദ്രശേഖരനൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോഴും കാനം ഇക്കാര്യം ധരിപ്പിച്ചു. അങ്ങനെയാണ് തന്ത്രിമാരുമായും പന്തളം രാജകുടുംബാംഗങ്ങളുമായും നടന്ന ചർച്ചയിൽ അനുനയം രൂപപ്പെട്ടത്.