തിരുവനന്തപുരം: എരുമേലി മുതൽ സുരക്ഷാ കോട്ട തീർത്തെങ്കിലും കൊടുംകാട്ടിലൂടെ എത്തിയ പ്രതിഷേധക്കാർ പൂങ്കാവനത്തിനു ചുറ്റും തമ്പടിച്ചിട്ടുണ്ടെന്ന് പൊലീസിന് ഇന്റലിജൻസ് മുന്നറിയിപ്പ്. ക്രമസമാധാന പ്രശ്‌നമുണ്ടാവാൻ സാദ്ധ്യതയേറെയാണ്. കാര്യങ്ങൾ സൂക്ഷ്‌മമായി വിലയിരുത്താൻ പൊലീസ് ആസ്ഥാനത്ത് ഐ.ജി പി. വിജയനെ ചുമതലപ്പെടുത്തി.
അഴുതയിൽ നിന്നുള്ള കാനന പാത, വണ്ടിപ്പെരിയാറിൽ നിന്നുള്ള പുല്ലുമേട് പാത എന്നിവിടങ്ങളിൽ ഇത്തവണ പൊലീസ് ചെക്ക് പോസ്റ്റുകളും പിക്കറ്റുകളുമുണ്ട്. എന്നാൽ അട്ടത്തോട്, ഇലവുങ്കൽ വനത്തിലൂടെ ഇരുപത് മണിക്കൂറോളം നടന്ന് പ്രതിഷേധക്കാർ സന്നിധാനത്തിനടുത്ത് എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ആദിവാസികളുടെ സഹായം ഇവർക്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സായുധ പൊലീസ് ഈ ഭാഗത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്. സേനാ ഹെലികോപ്‌ടറുകളും ഡ്രോണുകളുമുപയോഗിച്ച് ആകാശനിരീക്ഷണവും നടത്തും.
പ്രശ്‌നക്കാരെ ഉടനടി കസ്റ്റഡിയിലെടുത്ത് സന്നിധാനത്തെ താത്കാലിക ലോക്കപ്പുകളിൽ പാർപ്പിക്കും. പൊലീസ് നടപടിക്ക് അനുമതി നൽകാൻ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരെ നിയോഗിച്ചിട്ടുണ്ട്. തുലാമാസ പൂജയ്ക്കിടെ അക്രമമുണ്ടാക്കിയ 3000 പേരുടെ ചിത്രങ്ങൾ സോഫ്‌റ്റ്‌വെയറിലുണ്ട്. കാമറയിൽ ഇവരുടെ മുഖം പതിഞ്ഞാൽ പൊലീസ് കൺട്രോൾ റൂമിൽ മുന്നറിയിപ്പ് ലഭിക്കും. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിലാക്കാനും അനുമതിയുണ്ട്.
യുവതികൾ വന്നാൽ
യുവതികളെത്തിയാൽ ക്രമസമാധാന പ്രശ്‌നം ബോദ്ധ്യപ്പെടുത്തും. എന്നിട്ടും മലകയറണമെന്ന് പറഞ്ഞാൽ ചന്ദ്രാനന്ദൻ റോഡിലൂടെ കൊണ്ടുപോകും. വനിതാ ബറ്റാലിയൻ ഇവർക്ക് വലയം തീർക്കും. ക്യൂ കോംപ്ലക്സുകളിൽ മറ്റു ഭക്തരെ തടഞ്ഞാവും യുവതികൾക്ക് വഴിയൊരുക്കുക. സന്നിധാനത്ത് പ്രശ്‌നമുണ്ടായാൽ മടക്കിക്കൊണ്ടുപോവാൻ രണ്ട് സ്വകാര്യ ഹെലികോപ്ടറുകൾ വാടകയ്ക്കെടുത്തിട്ടുണ്ട്.