കല്ലമ്പലം: ഒരു കാലത്ത് ജല സമ്പത്തിനാൽ നാവായിക്കുളത്തിന് ആശ്വാസം നൽകിയ കുളങ്ങളും ചിറകളും ഇന്ന് മാലിന്യങ്ങളും പായലും നിറഞ്ഞ് അന്ത്യശ്വാസം വലിക്കുകയാണ്. പുനരുദ്ധാരണത്തിനായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും ശാപമോശം ലഭിക്കാതെ മാറിയിരിക്കുകയാണ് ഇവിടുത്തെ ജലാശയങ്ങൾ. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് നാവായിക്കുളം പഞ്ചായത്തിലെ ജലസ്രോതസുകൾ വൻതോതിൽ നശിച്ചു കൊണ്ടിരിക്കുകയാണ്.
പുളിവേലിക്കോണം ഭഗവതി ക്ഷേത്രത്തിനും നാഗരുകാവിനും ഇടയ്‌ക്കുള്ള പുളിവേലിക്കോണം കുളം പായലും മാലിന്യവും നിറഞ്ഞ നിലയിലാണ്. കടുത്ത വേനലിൽ പോലും വറ്റാത്ത നീരുറവയായിരുന്ന കുളം പലരും കൈയേറിയതോടെ ചെറുതായി. 1995 -1996 ജനകീയാസൂത്രണ പദ്ധതി പ്രകാരം പമ്പ് ഹൗസ് നിർമ്മിച്ച് പമ്പ് സെറ്റ് സ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭിക്കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളും ബില്ലടയ്ക്കുന്നത് സംബന്ധിച്ച തർക്കങ്ങളും പമ്പ് സെറ്റ് അടച്ചു പൂട്ടുന്നതിന് കാരണമായി. തുടർന്ന് വന്ന പഞ്ചായത്ത് ഭരണ സമിതികൾ കൂടി അവഗണിച്ചതോടെ പമ്പും പമ്പ് പുരയും അനാഥമായി. പമ്പ് സെറ്റ് പകുതിയോളം മണ്ണിനടിയിലായി. തുരുമ്പ് കയറി നശിച്ചു. പഞ്ചായത്തിൽ ഇത്തരത്തിൽ ഏഴോളം സ്ഥലത്ത് പമ്പ് സെറ്റുകൾ തുരുമ്പെടുത്ത് നശിച്ചു കിടപ്പുണ്ട്.