തിരുവനന്തപുരം: തോട് കരയിടിഞ്ഞ് വീടുകൾ എപ്പോൾ വേണമെങ്കിലും തകരുമെന്ന ഭീതിയിൽ കഴിയുകയാണ് തിരുമല വലിയവിള മൈത്രിനഗർ ആറാട്ടുകടവിലെ നിവാസികൾ. പി.ടി.പി നഗർ, തിരുമല എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന തോടാണ് ആറാട്ടുകടവിലെ ഈ 12 വീട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഇരുവശവും പൂർണമായി ഇടിഞ്ഞുതകർന്ന നിലയിലാണ് തോടുള്ളത്. ഇതോടെ തോടിന് സമീപമുള്ള തങ്ങളുടെ വീടുകളും ഏതു നിമിഷവും ഇടിഞ്ഞ് വീണേയ്ക്കാം എന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഇവിടെയുള്ളതിൽ മൂന്ന് വീടുകൾ ഈയടുത്ത കാലത്ത് നിർമ്മിച്ചവയാണ്. ഇക്കഴിഞ്ഞ മഴയിലെ വെള്ളപ്പൊക്കത്തിൽ 12 വീടുകളിൽ നിന്നുള്ള 50 ലധികം പേരാണ് അടുത്തുള്ള വലിയവിള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറിയത്. അപകടകരമായ രീതിയിൽ വെള്ളം കയറിയ 5 ദിവസത്തോളം ഇവർ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മഴ കടുത്തപ്പോൾ വലിയവിള കൗൺസിലർ ഗിരികുമാർ മുൻകൈയെടുത്ത് തോട് ഇടിഞ്ഞുതാഴ്ന്ന സ്ഥലങ്ങളിൽ മണൽച്ചാക്കുകൾ അടുക്കി താത്കാലിക സംരക്ഷണമൊരുക്കി. അന്ന് എം.എൽ.എ കെ. മുരളീധരൻ, എ.കെ. ആന്റണി തുടങ്ങിയ നേതാക്കൾ ക്യാമ്പിലെത്തുകയും ഇവരുടെ അവസ്ഥ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താൽ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിൽത്തന്നെ പോകേണ്ട ദുരവസ്ഥയിലാണ് പ്രദേശവാസികൾ.

തമ്പാനൂരിൽ ഒാട്ടോ ഒാടിക്കുന്ന സജിയുടെ വീടാണ് ഏറ്റവും അപകട ഭീഷണിയിലുള്ളത്. സജിയുടെ വീട്ടുകാർ തന്നെ വീടിന്റെ മുറ്റത്ത് അപായ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്.


ഇടിഞ്ഞ ഭാഗത്തെ തോടിന്റെ ഉയരം- 18 അടി
നീളം -150 മീറ്ററോളം
നിർമ്മാണച്ചെലവ്- 1 കോടിയിലധികം

 മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഈ തോട് വരുന്നത്. ഒരു മാസം മുമ്പ് അവർ സ്ഥലത്തെത്തി തോടിന്റെ അവസ്ഥ പരിശോധിച്ചിരുന്നു. ഇടിഞ്ഞ തോട് രണ്ട് വശത്തുനിന്നും കെട്ടാനുള്ള ഫണ്ടിന്റെ അഭാവമാണ് പ്രശ്നം.
ഗിരികുമാർ, വലിയവിള കൗൺസിലർ

ഫോട്ടോ: വശങ്ങൾ ഇടിഞ്ഞ തോടിന് സമീപം അപകടാവസ്ഥയിലുള്ള വീട്