ബാലരാമപുരം: പള്ളിച്ചൽ കുളങ്ങരക്കോണത്ത് കുളത്തിലകപ്പെട്ട മുള്ളൻപന്നിയെ വനം വകുപ്പ് ജീവനക്കാരെത്തി രക്ഷിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. പള്ളിച്ചൽ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സ്‌മിതയുടെ വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നീർച്ചാലിലാണ് മുള്ളൻപന്നി അകപ്പെട്ടത്. തുടർന്ന് വാർഡ് മെമ്പറുടെ ഭർത്താവ് ജയനും നാട്ടുകാരും വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ അജേഷ് ലാലുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുള്ളൻപന്നിയെ കരയ്‌ക്കെടുത്തത്. ആദ്യം ചാക്കിൽ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് പിന്നീട് താത്കാലിക കൂട് ഒരുക്കിയാണ് ഇതിനെ വലയിലാക്കിയത്. മുള്ളൻപന്നിക്ക് എട്ട് വയസ് പ്രായമുണ്ടെന്നും ഇതിനെ പേപ്പാറ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചു.