വെള്ളറട: കടുക്കറ- ആനപ്പാറ റോഡ് തകർന്ന് തരിപ്പണമായി ശബരിമല സീസണായിട്ടും നന്നാക്കാൻ നടപടിയില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി അയ്യപ്പഭക്തർ സഞ്ചരിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണ് ഇത്. ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും കന്യാകുമാരിയിൽ എത്തുന്ന അയ്യപ്പഭക്തർ നെടുമങ്ങാട് വെമ്പായം പത്തനംതിട്ട വഴിയാണ് ഇവരുടെ വാഹനങ്ങൾ ശബരിമലയിലേക്ക് പോകുന്നത്. റോഡിൽ വൻ കുഴികളും രൂപപെട്ട് വെള്ളം കെട്ടികിടക്കുകയാണ്. ഇതിനു പുറമെ ടാർ ഒലിച്ചുപോയി പല ഭാഗങ്ങളിലും മെറ്റിലുകൾ മാത്രമാണ് അവശേഷിക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയായ കടുക്കറയിൽ വൻ കുഴികളാണ്. ആനപ്പാറ കോവില്ലൂർ ഭാഗങ്ങളിൽ റോഡിലെ വലിയ കുഴികൾ അടച്ചെങ്കിലും ആനപ്പാറമുതൽ കടുക്കറവരെയുള്ള ഭാഗത്ത് പണികളൊന്നും നടന്നിട്ടില്ല. റോഡ് ഏതാനും വർഷം മുമ്പ് പുതിക്കി പണിതുവെങ്കിലും ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾതന്നെ തകരാൻ തുടങ്ങിയിരുന്നു. നിർമ്മാണത്തിലെ തകരാറാണ് ഇതിനുകാരണമെന്ന് ആരോപണവും ഉയർന്നിരുന്നു. ശരിയായരീതിയിൽ ടാറും മെറ്റിലും ചേർക്കാതെ രാത്രിയിലാണ് ജനവാസമുള്ള സ്ഥലങ്ങളിൽ കരാറുകാരൻ പണികൾ ചെയ്തത്. പല ഭാഗങ്ങളിലും ഉണ്ടായിരുന്ന ഓടകൾപോലും റോഡു പണിത സമയത്ത് നന്നാക്കിയതുമില്ല. കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനറോഡ് ആയതിനാൽ ഇതുവഴി നിരവധി ചരക്കുവാഹനങ്ങളാണ് കടന്നുപോകുന്നത്. ശബരിമല സീസൺ തുടങ്ങുന്നതിനുമുമ്പ് അറ്റകുറ്റപ്പണികളെങ്കിലും ചെയ്തിരുന്നുവെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനയാത്രക്കാർ അപകടങ്ങളിൽപെടാതെ രക്ഷപ്പെടുമായിരുന്നു. എന്നാൽ മഴ തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.