df

തിരുവനന്തപുരം∙ ദക്ഷിണ ഭാരതത്തിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാൾ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിറുത്തി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ പള്ളിയങ്കണത്തിൽ നിന്ന് കൊടിക്കളത്തിലെത്തിയ ഇടവക വികാരി ജോസഫ് ബാസ്റ്റിനെ സംഗീതാലാപനത്തോടെ എതിരേറ്റു. തുടർന്ന് ഇടവകാംഗങ്ങൾ ചൊല്ലിയ പ്രാർത്ഥനാഗീതത്തോടെ പത്ത് ദിവസത്തെ തിരുനാളിന് തുടക്കം കുറിച്ച് അദ്ദേഹം ക്രിസ്തുരാജന്റെ ചിത്രം ആലേഖനം ചെയ്ത കൊടിയുയർത്തി.

പള്ളിയുടെ പടിഞ്ഞാറ് വശത്ത് സജ്ജീകരിച്ചിട്ടുള്ള വേദിയിൽ നിന്നാണ് ക്രിസ്തുരാജ പതാക വാനിലുയർത്തിയത്. ഇതിന് പശ്ചാത്തലമായി ഓഖി, പ്രളയം തുടങ്ങിയവയെക്കുറിച്ചുള്ള അവതരണമുണ്ടായി. പള്ളി നവീകരിച്ച ശേഷം നടത്തുന്ന ആദ്യ തിരുനാ‌ളാണിതെന്നതാണ് ഈ പെരുനാളിന്റെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ 5.45ന് പ്രഭാതപ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടന്നു. ശേഷം വെട്ടുകാട് സഹവികാരി ഫാ. വിശാൽ .വിയുടെ മുഖ്യകാർമികത്വത്തിൽ ക്രിസ്‌തുരാജ സന്നിധിയിൽ സമൂഹദിവ്യബലി നടത്തി. ഇതോടൊപ്പം വെട്ടുകാട് സഹവികാരി പ്രബൽ ജോസഫ് പെരേരയുടെ വചനപ്രഘോഷണമുണ്ടായിരുന്നു. 11ന് യുവദീപ്തി പ്രസ് ഡയറക്ടർ റോബിൻസണ്ണിന്റെ നേതൃത്വത്തിൽ സമൂഹദിവ്യബലി നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബശുശ്രൂഷ ഡയറക്ടർ എ.ആർ. ജോൺ വചനപ്രഘോഷണം നടത്തി. 4.45ന് നടന്ന സമൂഹദിവ്യബലിയിൽ തിരുവനന്തപുരം ലത്തീൻ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാർമികനായി. തിരുനാൾ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ തുടർച്ചയായി ദേവാലയത്തിൽ ദിവ്യബലിയുണ്ടാകും. 24ന് വൈകിട്ട് 6.30ന് പ്രദക്ഷിണം നടത്തും. 25ന് രാവിലെ 9.30നുള്ള കുർബാനയ്ക്കു ശേഷം സ്നേഹവിരുന്നും ആദ്യ ചോറൂട്ടും. അന്ന് വൈകിട്ട് അഞ്ചിന് കുർബാനയ്ക്ക് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ചു വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി വെട്ടുകാടേക്ക് പ്രത്യേക ബസ്‌ സർവീസ് നടത്തും. ഹരിതചട്ടം പാലിച്ചായിരിക്കും ഇക്കുറിയും തിരുനാൾ നടത്തുകയെന്ന് വികാരി ഫാ. ജോസഫ് ബാസ്റ്റിൻ, സെക്രട്ടറി എ. വർഗീസ് ഫെർണാണ്ടസ്, വിദ്യാഭ്യാസ കൺവീനർ ആന്റണി ജോർജ് എന്നിവർ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന് സുരക്ഷാ ക്രമീകരണത്തിനായി പൊലീസ് കൺട്രോൾ റൂം തുറന്നു. നഗരസഭയുടെ ഹരിതസേനാ കൗണ്ടർ, ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സേവനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നവീകരിച്ച പള്ളി വന്നതോടെ വെട്ടുകാട് തിരുനാൾ ദേശീയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പതിവിലും കൂടുതൽ തീർത്ഥാടകരെത്തുമെന്ന കണക്കുകൂട്ടലിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.