ppp

കഴക്കൂട്ടം: മദ്യലഹരിയിലായിരുന്ന മുൻ പൊലീസുകാരൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മരിച്ച റിട്ട. അദ്ധ്യാപകന്റെയും ചെറുമകളുടെയും മൃതദേഹങ്ങൾ കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര നൽകി കണിയാപുരം പള്ളിനട ജമാഅത്തിൽ കബറടക്കി. കണിയാപുരം കാവോട്ടുമുക്ക് പുളിവിളാകം വീട്ടിൽ അബ്ദുൽ സലാം (78), ചെറുമകൾ ആലിയ ഫാത്തിമ (11) എന്നിവർക്കാണ് വ്യാഴാഴ്ച വൈകിട്ടോടെ കാവോട്ട് മുക്കിനടുത്തുവച്ച് കാറിടിച്ച് ദാരുണമായ അന്ത്യമുണ്ടായത്. ജീവനുതുല്യം സ്നേഹിച്ച ബാപ്പയുടെയും, കൊഞ്ചിച്ച് കൊതി തീരുംമുമ്പ് വിട്ടുപിരിഞ്ഞ മകളുടെയും ചേതനയ​റ്റ ശരീരം കാണേണ്ടിവന്ന അമ്മ റാഷിദയുടെ സങ്കടം അവിടെ തടിച്ച് കൂടിയവർക്ക് താങ്ങാനായില്ല. മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്​റ്റ്മോർട്ടം കഴിഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കാവോട്ടു മുക്കിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു.

മരണത്തിനുത്തരവാദിയായ മുൻ പൊലീസുകാരൻ ചാന്നാങ്കര സ്വദേശി മാഹീനെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനഃപൂർവമുള്ള നരഹത്യയ്ക്കാണ് മാഹീന്റെ പേരിൽ കഠിനംകുളം പൊലീസ് കേസെടുത്തത്. അതിനിടെ, മാഹീനെ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് കഠിനംകുളം പൊലീസ് സ്​റ്റേഷനു മുന്നിലും സംഭവസ്ഥലത്തും ആക്രമണം നടത്തിയതിനും പൊലീസ് ജീപ്പിന്റെ ഗ്ലാസും ലോക്കും ജീപ്പിലെ ആന്റിനയും നശിപ്പിച്ചതിനും കേസെടുത്തു. പൊലീസിനെ കല്ലെറിഞ്ഞതിനും മാദ്ധ്യമപ്രവർത്തകരെ മർദ്ദിക്കാൻ ശ്രമിച്ചതിനും സ്​റ്റേഷനു മുന്നിലെ കാമറയിൽ പതിഞ്ഞവരും കണ്ടാലറിയാവുന്നവരുമായ യുവാക്കൾക്കെതിരെയാണ് കേസ്.