തിരുവനന്തപുരം: ശബരിമലയിൽ സമാധാനപരമായി മണ്ഡല -മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.ഇവിടെ ഉണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ സംസ്ഥാനത്തിന്റെ യശസിന് കോട്ടമുണ്ടാക്കും. തീർത്ഥാടന കേന്ദ്രത്തിന്റെ കീർത്തിക്ക് മങ്ങലുമേല്പിക്കും.
ശബരിമലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുണ്ടായത്. ശബരിമലയെ അക്രമത്തിന്റെയും കലാപത്തിന്റെയും കേന്ദ്രമായി മാറാൻ അനുവദിച്ചുകൂടാ. ശബരിമലയിൽ സംഘർഷമുണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം കലാപമുണ്ടാക്കാനും ചിലർക്ക് താത്പര്യമുണ്ടാവും. അവരുടെ കൈകളിൽ കേരളം ഒരിക്കലും പെട്ടുപോകരുത്.
ജനങ്ങളിൽ ആശങ്കയും ചേരിതിരിവും ഉണ്ടാക്കും വിധം തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കാതിരിക്കാൻ മാദ്ധ്യമങ്ങളും ശ്രദ്ധിക്കണം. നവമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച് ജനജീവിതം അസ്വസ്ഥമാക്കാനുള്ള ഇടപെടലുകളും ചില ഭാഗങ്ങളിൽ ഉയരുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം.
കേരളം കണ്ടതിൽ ഏറ്രവും വലിയ പ്രളയക്കെടുതിയെയാണ് നാം അതിജീവിച്ചത്. നാടിന്റെ പൊതു താത്പര്യമായിക്കണ്ട് നാം ഉയർത്തിയ യോജിപ്പാണ് അതിനെ മറികടക്കാൻ സാഹചര്യമുണ്ടാക്കിയത്. ആ യോജിപ്പ് ഇക്കാര്യത്തിലും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനാവണം.
എല്ലാ വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങൾ സംരക്ഷിച്ച് ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. അത് ഇല്ലാത്തവർക്ക് അങ്ങനെ ജീവിക്കാനും. ഈ പരസ്പര ബഹുമാനമാണ് മതനിരപേക്ഷ ജീവിതത്തിന്റെ അടിത്തറയായി നിൽക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ഇത്തരം കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുമായി മുഴുവൻ ഭക്തജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.