kerala-university

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ വഹിച്ചിരുന്ന കേരള സർവകലാശാല സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ തസ്തിക സ്ഥിരപ്പെടുത്താൻ, സിൻഡിക്കേറ്റ് കൈക്കൊള്ളാത്ത തീരുമാനം മിനിട്സിലുൾപ്പെടുത്തിയ രജിസ്ട്രാർ ഡോ. ആർ. ജയചന്ദ്ര

നെ തത്‌സ്ഥാനത്ത് നിന്ന് നീക്കി. ഓറിയന്റൽ സ്റ്റഡീസിലെ ഡീൻ ഡോ. സി.ആർ. പ്രസാദിന് രജിസ്ട്രാറുടെ ചുമതല നൽകി.

സെപ്തംബർ 24ലെ സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിട്സിലാണ് ഇക്കാര്യം ഉൾപ്പെട്ടത്. ഡയറക്ടർ തസ്തിക സ്റ്റാറ്റ്യൂട്ടറി പോസ്റ്റ് ആക്കി മാറ്റാനായി സർവകലാശാലാ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യാനുള്ള ശുപാർശ നൽകാൻ രജിസ്ട്രാറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയെന്നാണ് മിനിട്സിലുണ്ടായിരുന്നത്.

അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം എങ്ങനെ മിനിട്സിൽ ഉൾപ്പെട്ടെന്ന് പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റംഗം കെ.എച്ച്. ബാബുജാൻ ആവശ്യപ്പെട്ടു. 24ലെ യോഗത്തിലെ അഭിപ്രായങ്ങൾ മിനിട്സായി എഴുതുകയായിരുന്നു. അതിനിടെ, മിനിട്സിന്റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടെന്ന് ഡോ. ജയചന്ദ്രൻ വിശദീകരിച്ചു. മിനിട്സ് ഒക്ടോബറിലെ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സിൻഡിക്കേറ്റ് ഈ വിശദീകരണം തള്ളി. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാൻ അദ്ദേഹം സന്നദ്ധനായി. കാര്യവട്ടത്തെ ഹിന്ദി അദ്ധ്യാപകനായ ജയചന്ദ്രന് രജിസ്ട്രാറുടെ ചുമതല മാത്രമേയുള്ളൂവെന്നും രാജിവയ്ക്കാനാവില്ലെന്നും വിലയിരുത്തിയ സിൻഡിക്കേറ്റ് അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കുകയായിരുന്നു.

മിനിട്സിൽ ക്രമക്കേടുണ്ടായതിനെക്കുറിച്ച് വൈസ് ചാൻസലർ പ്രാഥമിക അന്വേഷണം നടത്തിയശേഷം ക്രൈംബ്രാഞ്ചിന്റെയോ പൊലീസിന്റെയോ അന്വേഷണത്തിന് ശുപാർശ നൽകാൻ സിൻഡിക്കേറ്റ് നിർദ്ദേശിച്ചു. മിനിട്സ് തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് ജോയിന്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്‌ണനെ ഒഴിവാക്കി. അദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകും. തനിക്കെതിരായ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്ന് ഡോ. ജൂബിലി നവപ്രഭ വി.സിക്ക് കത്തുനൽകിയിട്ടുണ്ട്. തസ്തിക ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താൻ പോകുന്നതായ പ്രചാരണത്തെ തുടർന്ന് ജൂബിലി നവപ്രഭ ഡയറക്ടർ സ്ഥാനം രാജിവച്ചിരുന്നു.