ശിവഗിരി: 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (ഇംഗ്ലീഷ്, മലയാളം), പദ്യം ചൊല്ലൽ, ഉപന്യാസം (മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശശതക ആലാപനം, ഗുരുദേവ കൃതികൃതികളുടെ വ്യാഖ്യാനം എന്നീ മത്സരങ്ങളാണ് നടക്കുക.
ഡിസംബർ 1, 2 തീയതികളിലായി അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരിമഠം, കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം, ചേർത്തല വിശ്വഗാജീമഠം, ആലുവ അദ്വൈതാശ്രമം, കരുനാഗപ്പളളി, തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വരക്ഷേത്രം എന്നിവിടങ്ങളിൽ മേഖലാതല മത്സരങ്ങൾ നടക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനതല ഫൈനൽ മത്സരം ഡിസംബർ 26, 27, 28 തീയതികളിൽ ശിവഗിരിയിൽ നടക്കും. ആത്മോപദേശ ശതകം, ഗുരുദേവകൃതികളുടെ വ്യാഖ്യാനം എന്നീ മത്സരങ്ങൾക്ക് മേഖലാതലത്തിൽ ഒന്നാം സ്ഥാനം നേടിയവരെ മാത്രമേ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കൂ. ശ്രീനാരായണ ക്വിസിന് മേഖലാമത്സരം ഇല്ല.
മത്സരങ്ങളുടെ സമയവും വിഷയവും ചുവടെ:
ഡിസംബർ 1ന് രാവിലെ 9.30ന്
പദ്യം ചൊല്ലൽ: എൽ.പി വിഭാഗം: അനുകമ്പാദശകം (ആദ്യത്തെ അഞ്ച് ശ്ലോകങ്ങൾ), യു.പി വിഭാഗം: ജീവകാരുണ്യ പഞ്ചകം (ആദ്യത്തെ അഞ്ച് ശ്ലോകങ്ങൾ), എച്ച്.എസ് വിഭാഗം: ഇന്ദ്രിയവൈരാഗ്യം (ആദ്യത്തെ അഞ്ച് ശ്ലോകങ്ങൾ), പ്ലസ്ടു വിഭാഗം: ചിജ്ജഡചിന്തനം (ആദ്യത്തെ അഞ്ച് ശ്ലോകങ്ങൾ), കോളേജ് വിഭാഗം: ഷണ്മുഖസ്തോത്രം (ആദ്യത്തെ അഞ്ച് ശ്ലോകങ്ങൾ), പൊതുവിഭാഗം: ശിവസ്തവം (പ്രപഞ്ചസൃഷ്ടി ആദ്യത്തെ അഞ്ച് ശ്ലോകങ്ങൾ)
ഉച്ചയ്ക്ക് 12ന് ഉപന്യാസ രചന: എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങൾക്ക് മാത്രം. വിഷയങ്ങൾ മത്സരത്തിന് 15 മിനിട്ട് മുമ്പ് നൽകും. ഒരു മണിക്കൂറാണ് മത്സരസമയം. ഉച്ചയ്ക്ക് 2.30ന് ഗുരുദേവകൃതികളുടെ വ്യാഖ്യാനമത്സരം: മേഖലാതലത്തിൽ ആത്മോപദേശ ശതകമാണ് മത്സര വിഷയം. മത്സരാർത്ഥികളോട് കൃതിയിലെ ഏതെങ്കിലും ശ്ലോകം വ്യാഖ്യാനിക്കാൻ ആവശ്യപ്പെടും. മൂന്ന് മിനിട്ടാണ് സമയം.
ഡിസംബർ 2 രാവിലെ 9.30ന് പ്രസംഗം (മലയാളം). എൽ.പി വിഭാഗം: കൊല്ലുന്നവനില്ല ശരണ്യത, യു.പു.വിഭാഗം: മതം മതേതരത്വം ഗുരുവിന്റെ കാഴ്ചപ്പാടിൽ, പ്രസംഗം (ഇംഗ്ലീഷ്). എൽ.പി വിഭാഗം: ദൈവദശകം എ യൂണിവേഴ്സൽ പ്രെയർ, യു.പി.വിഭാഗം: ഗുരു ദ ലൈറ്റ്ഹൗസ് ഒഫ് അവർ സിവിലൈസേഷൻ. മറ്റു വിഭാഗങ്ങൾക്ക് മത്സരത്തിന് അഞ്ച് മിനിട്ട് മുമ്പ് വിഷയം നൽകും. ഉച്ചയ്ക്ക് 2ന് ആത്മോപദേശ ശതക ആലാപന മത്സരം. ആത്മോപദേശ ശതകാലാപനം, ഗുരുദേവകൃതി വ്യാഖ്യാനം എന്നീ മത്സരങ്ങളിൽ വിഭാഗഭേദമില്ലാതെ ആർക്കും പങ്കെടുക്കാം.
പങ്കെടുക്കുന്നതിന് 29നകം സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. മേഖലാതലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ അവിടെ നിന്നുള്ള സർട്ടിഫിക്കറ്റുമായി വേണം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ എത്തേണ്ടതെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. വിവരങ്ങൾക്ക്: ഡോ.അജയൻപനയറ (ചെയർമാൻ സാഹിത്യ മത്സരങ്ങൾ) ഫോൺ: 9447033466, ശിവഗിരിമഠം പി.ആർ.ഒ കെ.കെ.ജനീഷ് : 8089477686, ശിവഗിരിമഠം ഓഫീസ്: 04702602807.