തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയിൽ സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനത്തെ തള്ളേണ്ടെന്ന നിലപാടിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിധിയിലേക്ക് നയിച്ച കേസുമായി ബന്ധപ്പെട്ട് ബോർഡ് നൽകിയ സത്യവാങ്മൂലത്തിലും പത്തിനും അമ്പതിനുമിടയ്ക്കുള്ള യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനാൽ ഇപ്പോൾ സാവകാശം തേടി കോടതിയെ സമീപിക്കുന്നതിൽ അപാകതയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
അതേസമയം, സുപ്രീംകോടതി വിധിയോട് സ്വീകരിച്ച രാഷ്ട്രീയ നിലപാടിലുറച്ച് മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. കോടതി വിധിയിൽ വെള്ളം ചേർക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പാർട്ടിയുടെയും നിലപാട്. ആൾക്കൂട്ട സമരം കണ്ട് പിന്മാറേണ്ടതില്ല. അനന്തര ഫലമെന്തായാലും ഉറച്ച് നേരിടണം.
സാവകാശം തേടാൻ ബോർഡ് തീരുമാനിച്ചതും ശബരിമലയുമായി നേരിട്ട് ബന്ധപ്പെട്ട വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ സാധിച്ചതും വഴി വിശ്വാസികളിൽ നല്ലൊരു വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കാനായെന്ന് സി.പി.എം വിലയിരുത്തുന്നു. വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും ഗുണകരമാകും.
വിധിക്കൊപ്പം ഉറച്ച് നിന്നത് മുമ്പ് പല കാരണങ്ങളാൽ അകന്നുപോയ പുരോഗമനസ്വഭാവമുള്ള വലിയ വിഭാഗത്തെ ഉറപ്പിച്ചു നിറുത്താനായിട്ടുണ്ട്. സംഘപരിവാറിന്റെ അക്രമസമരങ്ങളെ ഒരു പരിധിവരെ തുറന്നുകാട്ടാനും സാധിച്ചെന്ന് സി.പി.എം കരുതുന്നു. ഈ സാഹചര്യത്തിലാണ് നിലപാടിലുറച്ച് നിന്ന് മുന്നോട്ട് പോകാനുള്ള സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം.