കല്ലറ : ചോറിനൊപ്പം കൊണ്ടുവന്ന പൊരിച്ച മീനിൽ പുഴുക്കൾ. ഭരതന്നൂർ നെല്ലിക്കുന്ന് സരസ വിലാസത്തിൽ നയന കിഷോറിനാണ് ഈ പുഴുത്ത അനുഭവം. പാങ്ങോടുള്ള ഒരു സ്കൂളിലെ അദ്ധ്യാപികയായ ഇവർ കഴിഞ്ഞ ദിവസം വാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്നയാളിൽ നിന്ന് മത്സ്യം വാങ്ങിയിരുന്നു. ഇവയിൽ പകുതി കറിവയ്ക്കുകയും ബാക്കിയുള്ളവ പൊരിക്കുകയും ചെയ്തു. പൊരിച്ച മീൻ ഉച്ചയ്ക്കുള്ള ചോറിനൊപ്പം സ്കൂളിൽ കൊണ്ടുപോയി. ഉച്ചയ്ക്ക് ആഹാരം കഴിക്കുമ്പോഴാണ് മീനിനുള്ളിൽ പുഴുക്കളെ കണ്ടത്. ഇരുപതോളം പുഴുക്കൾ പൊരിച്ച മീനിനുള്ളിൽ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകുമെന്ന് അദ്ധ്യാപിക പറഞ്ഞു.