gaja
gaja

തിരുവനന്തപുരം : തമിഴ്നാട്ടിൽ ഇരുപതിലേറെപ്പേരുടെ മരണത്തിനും വൻനാശനഷ്ടത്തിനുമിടയാക്കിയ ഗജ ചുഴലിക്കാറ്റുകാരണം മദ്ധ്യകേരളത്തിലും തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിലും ഇന്നലെ കനത്ത മഴപെയ്‌തു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് വരെ തീരദേശത്ത് കടൽ പ്രക്ഷുബ്ദമായിരിക്കും. 2.8 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇടുക്കിയിലാണ് കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. മൂന്നാർ പാതയിലെ പെരിയവാരക്ക് സമീപം താല്കാലിക പാലത്തിന് കേടുപാടുകൾ സംഭവിച്ചു. വട്ടവടയിൽ ഉരുൾപ്പൊട്ടി. കനത്ത മഴയിൽ ഏഴ് വീടുകൾ പൂർണ്ണമായും ഏഴ് വീടുകൾ ഭാഗികമാകും തകർന്നു. രാജമല സന്ദർശനത്തിനെത്തിയ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മൂന്നാറിലേക്ക് എത്താൻ കഴിയാതെ കുടുങ്ങി.
കണ്ണൻദേവൻ കമ്പനിയുടെ നെറ്റിക്കുടി ലോയർ ഡിവിഷൻ പൂർണ്ണമായി വെള്ളത്തിലായി. ആശുപത്രിയടക്കം വെള്ളത്തിലായതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ലയൻസിലെ തൊഴിലാളികളെയും സുരക്ഷിത ഭാഗങ്ങളിലേക്ക് മാറ്റി.