sabarimala-congress
sabarimala congress

തിരുവനന്തപുരം: ശബരിമലയിൽ രാഷ്ട്രീയ സംഭവവികാസങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ തുടർസമര പരിപാടികൾ ആലോചിക്കാൻ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചുമതലപ്പെടുത്തി.

ബി.ജെ.പി മുതലെടുപ്പ് തടയാൻ തീക്ഷ്ണ സമരം വേണമെന്ന വാദം യോഗത്തിലുയർന്നു. നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുക, റിലേസത്യാഗ്രഹം നടത്തുക തുടങ്ങിയ സമരമുറകളാവാമെന്ന അഭിപ്രായങ്ങളാണുയർന്നത്. വിധിയിൽ ദേവസ്വംബോർഡ് സാവകാശ ഹർജിക്ക് തീരുമാനിക്കുകയും വിധിക്ക് സ്റ്റേയില്ലെന്ന് കോടതി ആവർത്തിക്കുകയും ചെയ്തത് തുടർ രാഷ്ട്രീയ നീക്കങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ടായി. സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറന്നുകാട്ടുന്ന സ്വതന്ത്ര നിലപാടാണ് ഗുണം ചെയ്യുകയെന്ന് ചിലർ പറഞ്ഞു. ഇതിന് പ്രചാരണ, ബോധവത്കരണ പരിപാടികൾ നടത്തണം.

തീർത്ഥാടനം തുടങ്ങിയിട്ടും ശബരിമലയിൽ അടിസ്ഥാനസൗകര്യമൊരുക്കാത്തതിനെതിരെ ഇന്ന് രാവിലെ 11ന് ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തും. വിശ്വാസസംരക്ഷണ യാത്രകൾ വിജയമാണെന്ന് യോഗം വിലയിരുത്തി.
ശബരിമലയിൽ യുവതികളെത്തിയാൽ തടയുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനമുയർന്നു. അങ്ങനെ പ്രസ്താവിച്ചിട്ടില്ലെന്ന് സുധാകരൻ വിശദീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകളെ തടയൽ കോൺഗ്രസിന്റെ നിലപാടല്ല. ഇത്തരം സംഘർഷ ഭൂമിയിലേക്ക് സ്ത്രീകൾ പോകരുത്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നവരാരും അവിടെ പോവില്ല. മുഖ്യമന്ത്രിയുടെ വൈകി വന്ന വിവേകത്തിന് നന്ദി അറിയിക്കുന്നു. സാവകാശ ഹർജി ആവശ്യം മുന്നോട്ടുവച്ചത് കോൺഗ്രസാണ്. അതിനാലിത് കോൺഗ്രസിന്റെ വിജയമാണ്.
കെ.ടി. ജലീലിന്റെ ബന്ധു നിയമനക്കേസിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ജനങ്ങളോടുള്ള അനീതിയാണ്. ജലീലിനെ മന്ത്രിസഭയിൽ നിന്നു മാറ്റണം. അല്ലെങ്കിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.