kanalchilambu

തിരുവനന്തപുരം : സ്ത്രീ സമൂഹം അനുഭവിക്കുന്ന നൊമ്പരങ്ങളുടെ നേർക്കാഴ്ച ആസ്വാദകന് പകർന്നു നൽകി കനൽചിലമ്പ് അരങ്ങിലെത്തി. കവി പ്രഭാവർമ്മയുടെ ഭാവനയിൽ പിറന്ന 'കനൽച്ചിലമ്പ്" നാടകമായി ഇന്നലെ പുനർജനിച്ചപ്പോൾ തിരുവനന്തപുരം കാർത്തിക തിരുനാൾ തീയറ്ററിൽ എത്തിയ സദസിന് സമ്മാനിച്ചത് മറക്കാനാകാത്ത ദൃശ്യാനുഭവമായിരുന്നു. 'സ്ത്രീപക്ഷ നാടക'മെന്ന പ്രഖ്യാപനത്തോടെ അരങ്ങിലെത്തിയ നാടകം 'ആനന്ദി' എന്ന നായികാ കഥാപാത്രത്തിലൂടെ സ്ത്രീയുടെ വ്യത്യസ്തവും തീവ്രവുമായ ജീവിത ഘട്ടങ്ങൾ ആസ്വാദകർക്ക് പകർന്നു നൽകി. നടൻ മധുവാണ് നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡോ. ബി.സന്ധ്യ, ദിവ്യ.എസ്. അയ്യർ, മേനക സുരേഷ്, രാജശ്രീവാര്യർ, ഭാഗ്യലക്ഷ്മി, സരസ്വതി നാഗരാജൻ, അപർണ രാജീവ് എന്നിവർ ചേർന്നാണ് രംഗദീപം തെളിയിച്ചത്. വിശിഷ്ടാതിഥികൾക്ക് കവി പ്രഭാവർമ ഉപഹാരം സമ്മാനിച്ചു. സന്തോഷ് മീനമ്പലമാണ് സംവിധാനം. തിരുവനന്തപുരം ആരാധന തീയറ്റേഴ്സിന്റേതാണ് രംഗഭാഷ്യം. രചന –മുഹാദ് വെമ്പായം. പ്രഭാവർമയുടെ വരികൾക്ക് ഈണം പകർന്നത് ഉദയകുമാർ അഞ്ചൽ. ആർട്ടിസ്റ്റ് സുജാതൻ, ഷിബു.എസ്.കൊട്ടാരം, ഉണ്ണി ദിവ്യ, അജിത് അപ്സര തുടങ്ങിയവരാണ് അണിയറയിലെ പ്രധാനികൾ. ബിന്ദുപള്ളിച്ചൽ, കെ.പി.എ.സി ലത, മല്ലിക, അരുമാനൂർ ദിലീപ്, ഹരി തിട്ടമംഗലം, ഷൈജു സായ്, മാസ്റ്റർ ദേവദത്ത് എന്നിവരാണ് അരങ്ങിലെത്തിയത്.