നെടുമങ്ങാട്: പൊൻമുടിയിൽ നിന്ന് മ്ളാവിനെ വേട്ടയാടിയ കേസിൽ രണ്ടര മാസത്തോളമായി ഒളിവിലായിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. പൊൻമുടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൊല്ലായിൽ റോഡുവിള വീട്ടിൽ അയൂബ്ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഭരതന്നൂർ ലെനിൻകുന്ന് നിളയിൽ എസ്. രാജീവ്, നന്ദിയോട് പേരയം താളിക്കുന്ന് വിനോദ് നിവാസിൽ വിനോദ് എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. ഇവരെ 30 വരെ റിമാൻഡ് ചെയ്‌തു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവരുടെ കീഴടങ്ങൽ. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് രാത്രിയിൽ പൊൻമുടി ഇരുപത്തി ഒന്നാം ഹെയർപിൻ വളവിലെ റിസർവ് വനത്തിൽ നിന്നാണ് ഇവർ ഉൾപ്പെട്ട സംഘം മ്ലാവിനെ വേട്ടയാടി പൊലീസ് ജീപ്പിൽ കടത്തിയത്. പൊലീസ് ജീപ്പിലിരുന്ന് മ്ലാവിനെ വെടിവച്ച കൊല്ലായിൽ പോസ്റ്റോഫീസിലെ ജീവനക്കാരൻ മനു, സഹായികളായ കുളത്തൂപ്പുഴ മൈലമൂട് ഒാന്തുപച്ച സമീർ മൻസിലിൽ സജീർ, സമീർ, തൊളിക്കോട് ആനപ്പെട്ടി മണലയം നിഷാദ് മൻസിലിൽ നിഷാദ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മനുവിൽ നിന്ന് പിടിച്ചെടുത്ത തോക്ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവ ശേഷം ഒളിവിൽ പോയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പൊലീസ് ജീപ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ട് നൽകുകയും ചെയ്‌തു. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകുമെന്ന് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.