തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ചില റൂട്ടുകളിൽ പൊലീസ് സഹായത്തോടെ കോൺവോയ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമായില്ല. സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും മാത്രമാണ് നിരത്തിൽ കാണാനാകുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങൾ ഏറെക്കുറെ അടഞ്ഞനിലയിലാണ്. അർദ്ധരാത്രി നടത്തിയ ഹർത്താൽ പ്രഖ്യാപനം ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളെ ബുദ്ധിമുട്ടിലാക്കി. തിരുവനന്തപുരത്ത് നിന്നും പമ്പയിലേക്ക് സർവീസ് നടത്താനിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണം ലഭിക്കാത്തതിനെ തുടർന്ന് നിറുത്തലാക്കി.
വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല, ഭാർഗവറാം, പൃഥ്വിപാൽ, അഡ്വ. സുധീർ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.
രാവിലെ ചിലയിടങ്ങളിൽ ട്രാൻ.ബസുകൾക്ക് നേരെ കല്ലേറുണ്ടായി . ഹർത്താലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകളും ശാസ്ത്രമേളയുൾപ്പെടെയുള്ള വിവിധ പരിപാടികളും മാറ്റിവച്ചു. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്.
ബാലരാമപുരത്ത് കല്ലേറ് ഏണിക്കരയിൽ വഴിതടഞ്ഞു
തിരുവനന്തപുരത്ത് ബാലരാമപുരം കൊടിനടയിൽ ഇന്നലെ രാത്രിയുണ്ടായ കല്ലേറിൽ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയ്ക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന്റെ ഗ്ളാസുകൾ തകർന്നു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കരകുളം ഏണിക്കരയിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസെത്തി പിന്തിരിപ്പിച്ചു. തലസ്ഥാന നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ഹർത്താൽ ഏറെക്കുറെ പൂർണമാണ്. സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനം ഹർത്താലിൽ തടസപ്പെട്ടു.
ഹർത്താൽ അറിയാതെ അതിരാവിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലുമെത്തിയ യാത്രക്കാരെ പൊലീസ് വാഹനങ്ങളിലാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. ആശുപത്രിയിലും മറ്ര് അത്യാവശ്യകാര്യങ്ങൾക്കുമായി എത്തിയ നിരവധിപേർ ഹർത്താലിൽ വലഞ്ഞു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരും വാഹനങ്ങൾ കിട്ടാതെ കഷ്ടപ്പെട്ടു. ട്രെയിനിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
കൊല്ലത്ത് പൂർണം
കൊല്ലത്ത് കടകമ്പോളങ്ങൾ രാവിലെ തുറന്നെങ്കിലും പിന്നീട് പൂർണമായും അടച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ നിന്ന് ഷെഡ്യൂളുകൾ നടത്തുന്നില്ല. രാവിലെ ചില പെട്രോൾ പമ്പുകൾ തുറന്നെങ്കിലും പിന്നീട് ഇവ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.
ആലപ്പുഴയിൽ തടഞ്ഞു
ആലപ്പുഴയിൽ ഹർത്താൽ അനുകൂലികളായ സംഘപരിവാർ പ്രവർത്തകർ രാവിലെ രോഗികൾ ഉൾപ്പെടെയുള്ളവരെ തടഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും വാഹനങ്ങൾ തടഞ്ഞു. പെട്രോൾ പമ്പുകൾ ബലംപ്രയോഗിച്ച് അടപ്പിച്ചു. മിക്കയിടത്തും വാഹങ്ങൾ തടയുന്നുണ്ട്.
എറണാകുളത്ത് പൂർണം
എറണാകുളത്ത് ഹർത്താൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നു. പുലർച്ചെ ഏതാനും ദീർഘദൂര ബസുകൾ സർവീസ് നടത്തിയെങ്കിലും പിന്നീട് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓടുന്നില്ല. വാഹനങ്ങൾ തടഞ്ഞത് പല സ്ഥലങ്ങളിലും നേരിയ സംഘർഷത്തിന് ഇടയാക്കി. എറണാകുളം വരാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് - ഗുരുവായൂർ ഭാഗങ്ങളിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസുകൾ വടക്കൻ പറവൂരിൽ സർവീസ് അവസാനിപ്പിച്ചു. പിന്നീട് പൊലീസ് സ്ഥലത്ത് എത്തിയാണ് യാത്രക്കാരെ റെയിൽവേ സ്റ്റേഷനിലടക്കം എത്തിച്ചത്.
കോട്ടയം നിശ്ചലം
കോട്ടയത്ത് കടകമ്പോളങ്ങളൊന്നും തുറന്നില്ല. രാവിലെ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ഒാടിയെങ്കിലും 7.30 ഒാടെ എല്ലാ സർവീസുകളും നിറുത്തിവച്ചു. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും സ്വകാര്യ കാറുകൾ അപൂർവമായേ ഒാടുന്നുള്ളൂ. കളക്ടറേറ്റിലെ ഹാജർ നില പകുതിയിൽ താഴെയാണ്.
മലബാർ മേഖലയിൽ പൂർണം
മലബാർ മേഖലയിൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. ഹർത്താൽ അറിയാതെ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റുമായി പുറപ്പെട്ട സ്ത്രീകളുൾപ്പെടെ വാഹനങ്ങൾ കിട്ടാതെ വലഞ്ഞു. സ്വകാര്യ -കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിർത്തിവച്ചതിനാൽ ഓട്ടോയും ടാക്സികളുമാണ് പലർക്കും തുണയായത്. കണ്ണൂരിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. തലശേരിയിലും പുതിയതെരുവിലും വാഹനങ്ങൾ തടയുന്ന സ്ഥിതിയുണ്ടായി. കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.
കോഴിക്കോട് മേഖലയിൽ കെ.എസ്.ആർ.ടി.സി ബംഗളൂരു- മൂകാംബിക സർവീസ് പൊലീസ് സഹായത്തോടെ ഓടി. വയനാടിലേക്കും രണ്ട് സർവീസുകൾ നടത്തിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. കാസർകോട് ജില്ലയിൽ ഹർത്താൽ ഭാഗികമാണ്. ദേശീയപാതയിലൂടെ സ്വകാര്യ വാഹനങ്ങളും ചരക്കുലോറികളും ഓടുന്നുണ്ട്.കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളിൽ കടകൾ അടഞ്ഞുകിടക്കുകയാണ്.