നിങ്ങളെന്നെ ബി.ജെ.പിയാക്കി എന്ന ചരിത്രനാടകത്തിന്റെ എഴുത്തുകുത്തിൽ കെ.എസ് ബ്രിഗേഡ് തിയേറ്റേഴ്സിന്റെ പ്രൊപ്രൈറ്റർ കം മാനേജരും സുപ്രസിദ്ധ ബാലെ കലാകാരനും സർവോപരി സംഗീതനാടകക്കാരനുമായ സുധാകരേട്ടൻ വ്യാപൃതനായിരിക്കുമ്പോഴാണ് ആ മണിമുഴക്കമുണ്ടായത്. മനസിൽ മണി മുഴങ്ങിയെന്നാണ് സുധാകരേട്ടൻ അടുപ്പമുള്ളവരോടെല്ലാം പറഞ്ഞതെങ്കിലും ആ മണി മുഴങ്ങിയത് ആർക്ക് വേണ്ടിയാണെന്ന് ആരും വെറുതെ മനസ്ചൊറിഞ്ഞ് പുണ്ണാക്കാൻ മെനക്കെട്ടിരുന്നില്ല.
കുമ്പക്കുടി സുധാകരേട്ടന്റെ ചരിത്രപാണ്ഡിത്യം അളന്ന് കുറിക്കാൻ ചെന്നാൽ അദ്ഭുതങ്ങളുടെ പാരാവാരത്തിൽ ചെന്ന് പതിക്കുമെന്നതിനാൽ ആരും തന്നെ അതിന് മെനക്കെട്ടിരുന്നില്ല. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിൽ നോക്കി സലാം പറഞ്ഞ് പിരിയുകയാണ് ചെയ്തുപോന്നത്. അത് ലോകചരിത്രമാണെന്നും കേരളചരിത്രമൊന്നും അതിൽ വരില്ലെന്നും ചില ചരിത്രപണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരിത്രമെന്നാൽ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത പാമരന്മാരാണ് ഈ ശ്രേഷ്ഠർ എന്നറിയാവുന്ന സുധാകരേട്ടൻ വെറുതെ മന്ദസ്മിതം തൂകി നിൽക്കുക മാത്രമാണ് ചെയ്തുവരുന്നത്. കറകളഞ്ഞ സോഷ്യലിസ്റ്റായി തുടങ്ങി ഗോപാലൻജനതയിലൂടെ കോൺഗ്രസിലേക്ക് വന്ന സുധാകരേട്ടൻ അന്ന് തൊട്ട് ഗാന്ധിത്തൊപ്പി തലയിൽ കമഴ്ത്തി രാവിലെ പച്ചവെള്ളം ചവച്ചരച്ച് കുടിച്ച് ചർക്കയിൽ നൂൽനൂറ്റ് രഘുപതി രാഘവ പാടിക്കഴിഞ്ഞേ നാടകമെഴുത്തിലേക്ക് പ്രവേശിക്കാറുള്ളൂ.
നാടകത്തിലെ മനോധർമ്മപ്രധാനമായ ഭാഗങ്ങൾ രചനാവേളയിലേ അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന ശീലമുള്ളത് കൊണ്ടാണ് പുതിയ ഡ്രാമയിലെ നിങ്ങളെന്നെ ബി.ജെ.പിയാക്കി എന്ന കാതലായ ഡയലോഗ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ സുധാകരേട്ടൻ വച്ച് കാച്ചിയത്. അതുകേട്ട് നടുങ്ങിയവരിൽ ചെന്നിത്തല ഗാന്ധി തൊട്ട് മുല്ലപ്പള്ളി ഗാന്ധി വരെയുണ്ടെന്നാണ് വർത്തമാനം. ബലേ ഭേഷ് എന്നാണത്രെ കൊടിക്കുന്നിൽ സുരേഷ് ഗാന്ധി അന്നേരം അദ്ഭുതപരതന്ത്രനായി പറഞ്ഞുപോയത്.
ഡ്രാമാസ്കോപ്പ് ആയത് കൊണ്ട് രചന, സംവിധാനം, കലാസംവിധാനം, സംഘട്ടനം എന്നീ പരിപാടികൾ നിർവഹിക്കുന്നത് സുധാകരേട്ടൻ തന്നെയാണ്. സുധാകരേട്ടൻ ചരിത്രനാടകത്തിലേക്ക് കടന്നാൽ പിന്നെ ആരെന്നോ എന്തെന്നോ ഒരു നിശ്ചയവുമുണ്ടാവില്ല. ബെല്ലും ബ്രേക്കും വിട്ട സൈക്കിൾ പോലെ ആ ചരിത്രബോധമിങ്ങനെ ഇറങ്ങിയിറങ്ങി വരുന്നത് കണ്ടിട്ട് എന്തിനധികം പറയുന്നു, സാക്ഷാൽ ബി.ജെ.പിയുടെ അമിത് ഷാജിയണ്ണൻ പോലും അന്തംവിട്ട് നിന്ന് പോയിട്ടുണ്ട്.
പണ്ടെങ്ങാണ്ടോ ശബരിമലയിൽ തീപിടിച്ചപ്പോൾ , ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം തീർന്ന് കിട്ടുമെന്ന് ആരോ പറഞ്ഞതായി സുധാകരേട്ടൻ കേട്ടിട്ടുണ്ട്. സുധാകരേട്ടൻ കണ്ട ലോകത്ത് അങ്ങനെ പറയാൻ ധൈര്യമുള്ള ഒറ്റ പഹയനേ ഉണ്ടായിട്ടുള്ളൂ. അത് ഈയെമ്മസ്സാണ്. സി.കേശവനെന്നൊരു മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഉണ്ടാക്കിയ നേതാവായിരുന്നെന്നും സുധാകരേട്ടൻ അറിയണമെന്ന് ആരും വാശി പിടിക്കേണ്ടതില്ല. സുധാകരേട്ടന്റെ ചരിത്രപുസ്തകത്തിൽ തിരുവിതാംകൂർ ചരിത്രം അത്രകണ്ട് രേഖപ്പെടുത്തിയിട്ടില്ലാത്തത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. സുധാകരേട്ടനോട് ഇക്കാര്യത്തിൽ ഏറ്റുമുട്ടാൻ സംഘപരിവാരത്തിലെ മോഹൻദാസ് ജി തൊട്ട് ഗോപാലകൃഷ്ണൻജി വരെ ധൈര്യം കാണിച്ചിട്ടുണ്ട്. കെ. ദാമോദരനെന്ന കമ്മ്യൂണിസ്റ്റുകാരനാണിത് പറഞ്ഞതെന്ന് മോഹൻദാസ്ജിയുടെ ചരിത്രപുസ്തകത്തിൽ കിറുകൃത്യമായി അടയാളപ്പെടുത്തിയത് കാരണമായിരുന്നു ഇങ്ങനെയൊരു ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. സുധാകരേട്ടന്റെ ചരിത്രവും ഭൂമിശാസ്ത്രവും മോഹൻദാസ്ജിയുടെ ചരിത്രപുസ്തകം പോലെ വളവുംതിരിവും കുണ്ടും കുഴിയും നിറഞ്ഞതാണെന്നും അല്ലെന്നും വാദഗതികളുണ്ട്. എന്തായാലും സുധാകരേട്ടന്റെ ചരിത്രം ഒന്ന് വേറെത്തന്നെയാണ്. അതാണതിന്റെ ഒരിത്. അതുകൊണ്ട് സി. കേശവൻ ചരിത്രത്തിൽ നിന്നിറങ്ങി വന്ന് ചൂരലെടുത്ത് വീശിയാലും സുധാകരേട്ടൻ വിരണ്ട് പോകാനിടയില്ല. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി സുധാകരേട്ടനെ നിശ്ചയിച്ചത് പോലും സി. കേശവൻ ചരിത്രത്തിൽ നിന്നിറങ്ങി വരാതിരിക്കാൻ മാത്രമാണ് !
രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് ഒപ്പും സീലും പതിപ്പിച്ച് കിട്ടുക ചില്ലറ പണിയല്ല. കൃഷ്ണാ, നീയൊന്ന് വേഗം വന്ന് മുഖം കാണിക്ക് എന്ന് ടിയെം കൃഷ്ണ കൈയും കളാസവും കാണിച്ച് നീട്ടിപ്പാടിയാലൊന്നും ആ സർട്ടിഫിക്കറ്റ് ഒപ്പിട്ട് കിട്ടുമെന്ന് കണക്കാക്കേണ്ടതില്ല. കൃഷ്ണാ നീ ബേഗനേ ബാരോ എന്ന് ടിയെം കൃഷ്ണ പാടിയത് കണ്ട് അതേതോ രാജ്യദ്റോഹിയെ മാത്രം ഉദ്ദേശിച്ച് പാടിയതാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാനാവില്ല.
രാജ്യദ്റോഹി പാട്ട് പാടുന്നത് രാജ്യദ്റോഹികളെപ്പറ്റി മാത്രമാണെന്നറിയാത്തവരൊന്നുമല്ല എയർപോർട്ട് അതോറിറ്റിക്കാർ. സംഘപരിവാരത്തിലെ ഫേസ്ബുക്ക് ശിങ്കങ്ങൾ ഒന്ന് കണ്ണുരുട്ടിയാൽ ഏത് രാജ്യദ്റോഹിയും പാട്ടും ആട്ടവും നിറുത്തുമെന്ന് മനസിലാക്കാൻ അഫ്ഗാനിസ്ഥാൻ വരെയൊന്നും പോകേണ്ടതില്ല. അംബാനി മുതലാളിക്ക് നാല് വിമാനം വാങ്ങിക്കൊടുത്താൽ അത് നോക്കി, ഹാ, പുഷ്പകവിമാനമേ... എന്ന് നീട്ടിപ്പാടാനറിയണം. എങ്കിൽ ഓൺദ സ്പോട്ട് രാജ്യസ്നേഹ സർട്ടിഫിക്കറ്റ് മുൻകാല പ്രാബല്യത്തോടെ പതിച്ചുകിട്ടും. അല്ലാതെ ചരിത്രം, നവോത്ഥാനം എന്നെല്ലാം പറഞ്ഞ് നടന്നാൽ ഏത് പണിയാണ് കിട്ടുകയെന്നറിയണമെങ്കിൽ ഇളയിടം സുനില് മാഷോട് ചോദിച്ചോളൂ. സുനില് മാഷ് മൂത്തയിടമായി പരിണമിക്കാത്തതിനാലും ടീയെം കൃഷ്ണയ്ക്ക് വേണ്ടത്ര പക്വതയില്ലാത്തത് കൊണ്ടും സൂക്ഷിച്ചും കണ്ടും നിൽക്കുകയെന്ന് ഉപദേശിക്കാനേ ഇത്തരുണത്തിൽ സാധിക്കൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com