img335

നെയ്യാറ്റിൻകര: ലൈഫ് പദ്ധതി പ്രകാരം പുതിയ വീടുവയ്ക്കാൻ കാശ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കിടപ്പാടം പൊളിച്ച നൂറുകണക്കിന് കുടുംബങ്ങൾ പെരുവഴിയിലായി. പെരുങ്കടവിള ഗ്രാമപഞ്ചായത്ത്, നെയ്യാറ്റിൻകര നഗരസഭ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് തുടങ്ങി താലൂക്കിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് ഭവനനിർമ്മാണ പദ്ധതിയിലെ ഗുണഭോക്താക്കൾ വെട്ടിലായിരിക്കുകയാണ്. ലൈഫ് പദ്ധതിയിൽ വീടില്ലാത്തവർക്ക് 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ആദ്യ ഗഡുവായി 40,000 രൂപ നൽകും. പെരുങ്കടവിള പഞ്ചായത്തിൽ 440 ഗുണഭോക്താക്കളിൽ 120 പേർക്കു മാത്രമാണ് ആദ്യഗഡു ധനസഹായം ലഭിച്ചത്. പഞ്ചായത്തുമായി കരാറിലേർപ്പെട്ടവർ ഉണ്ടായിരുന്ന കുടിലുകൾ പൊളിച്ച് ബേസ്മെന്റ് നിർമ്മിക്കാൻ കുഴിയെടുത്തിട്ടിട്ട് എട്ട് മാസത്തോളമായി. ഈ പഞ്ചായത്തിൽ അസ്ഥിവാരം നിർമ്മിച്ച 320പേർ ആദ്യഗഡു ധനസഹായം ലഭിക്കാത്തതിനാൽ ദുരിതത്തിലാണ്. ചിലർ ഉള്ള സ്ഥലത്ത് ടാർപ്പോളിൻ കെട്ടി ഒതുങ്ങിക്കൂടിയപ്പോൾ മറ്റുള്ളവർ തുച്ഛമായ വാടകയുള്ള കെട്ടിടങ്ങളന്വേഷിച്ച് പോയി. ലൈഫ് പദ്ധതിയ്ക്കായി പഞ്ചായത്ത് പുറത്തിറക്കിയ പട്ടികയിൽ നിന്ന് മുൻഗണനാടിസ്ഥാനത്തിലാണ് ധനസഹായം നൽകുന്നത്. ബാക്കിയുള്ളവർക്ക് ധനസഹായം നൽകാൻ സർക്കാരിൽ നിന്ന്‌ ഫണ്ട് ലഭിച്ചില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.

നട്ടംതിരിഞ്ഞ് ജനം

പെരുങ്കടവിള പഞ്ചായത്തിലെ ഗുണഭോക്താക്കളെ തൃപ്തിപ്പെടുത്തുവാനായി 2017-18 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും തുക വകമാറ്റിയാണ് ആദ്യഗ‌ഡു വിതരണം ചെയ്തതെന്ന് വാർഡ് മെമ്പർമാർ പറയുന്നു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 1200 ഗുണഭോക്താക്കളിൽ 600 പേർക്ക് ഒന്നാം ഗഡു ലഭിച്ചു. 2017 മാർച്ചിലാണ് ഗുണഭോക്താക്കൾ മുനിസിപ്പാലിറ്റിയിൽ എഗ്രിമെന്റ് വച്ചത്. വീട് മറിച്ചു വില്‌ക്കാതിരിക്കാൻ 7 വർഷത്തേക്ക് ഒറിജിനൽ പ്രമാണം പഞ്ചായത്തിൽ നൽകണം. ഏതായാലും അമിത പ്രതീക്ഷയോടെ വീട് കാത്തിരുന്നവർ അധികൃതരുടെ വാഗ്ദാനത്തിൽ പെട്ട് നട്ടം തിരിയുകയാണ്.