ഫിൻലാൻഡ്: ചുറ്റുമുള്ളവരുടെ തിരക്കിൽപ്പെട്ട് സ്വന്തം ജീവിതം മറന്നുപോയെന്ന് കരുതി നിരാശപ്പെട്ടിരിക്കുന്ന സ്ത്രീകളോട് ഒരു ചോദ്യം. തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് സ്വസ്ഥമായി ഒരു യാത്രപോകാനാണോ പ്ലാൻ?
എങ്കിൽ, നേരെ ഫിൻലാൻഡിലേക്ക് വിട്ടോളൂ. അവിടെ നിങ്ങളെ കാത്ത് ഒരു ദ്വീപുണ്ട്. പ്രധാന പ്രത്യേകത അതല്ല, അവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല! ‘പുരുഷന്മാർക്ക് പ്രവേശനമില്ല’ എന്ന ബോർഡാണ് അവിടെയെത്തുന്നവരെ സ്വീകരിക്കുക. 'സൂപ്പർ ഷീ ദ്വീപ്’ എന്ന പേരുമായി സ്ത്രീകൾക്ക് മാത്രമായി ഒരു ഉല്ലാസ ദ്വീപാണത്.
ക്രിസ്റ്റീന റോത്ത് എന്ന സംരംഭകയുടെ ആശയവും പ്രവർത്തനവുമാണ് ദ്വീപിനെ റിസോർട്ടാക്കി മാറ്റിയതിനു പിന്നിൽ. സ്ത്രീകൾക്ക് മാത്രമായി ഒരു ലോകം ഒരുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും താൻ പുരുഷ വിരോധിയല്ലായെന്നും റോത്ത് പറയുന്നു. ബാൾട്ടിക് കടലിന്റെ തീരത്തെ ഏക്കറുകളോളം വിസ്തൃതിയുള്ള ദ്വീപ് വാങ്ങി സ്ത്രീകൾക്കുവേണ്ടിയുള്ള റിസോർട്ടാക്കി മാറ്റിയിരിക്കുകയാണ് ക്രിസ്റ്റീന.
സ്ത്രീ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള സൂപ്പർ ഷി ഐലൻഡ് എന്ന സ്വപ്നഭൂമി ജൂലായിലാണ് പ്രവർത്തനം ആരംഭിച്ചത്. പത്തു പേർക്ക് താമസിക്കാൻ തക്കവണ്ണം ആഢംബര പ്രൗഢിയിൽ അണിയിച്ചൊരുക്കിയ കാബിനുകളാണ് റിസോർട്ടിന്റ പ്രധാന ആകർഷണം.