തീവണ്ടിയിൽ യാത്ര ചെയ്യുന്നു. എതിർ സീറ്റിൽ ഒരു ചെറുപ്പക്കാരനിരിക്കുന്നു. കൈവശമുള്ള മൊബൈൽ ഫോണിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇരിപ്പ്. വർക്കല നിന്ന് തൃശൂർ എത്തുന്നതുവരെയുള്ള ആറു മണിക്കൂറും അയാൾ അങ്ങനെതന്നെയിരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഇതുപോലെ എത്രയോ ചെറുപ്പക്കാർ ഇതു ചെയ്തുകൊണ്ടിരിക്കുന്നു.
ശിവന് മൂന്നു കണ്ണുകൾ ഉള്ളതായി പുരാണകഥകളിൽ കാണുന്നു. ഒരു കണ്ണ് പുറത്തേക്ക് നോക്കുന്നത്. രണ്ടാമത്തേത് അകത്തേക്ക് നോക്കുന്നത്. മൂന്നാമത് തീക്കണ്ണാണ്. ആ കണ്ണ് തുറന്നാൽ ജ്വലിക്കുന്നത് ജ്ഞാനാഗ്നിയാണ്. ആ അഗ്നി നമ്മിലെ കാമങ്ങളെ ചുട്ടു ചാമ്പലാക്കും; നമ്മെ സംശുദ്ധരും സ്വതന്ത്രരുമാക്കും.
ഇപ്പറഞ്ഞ ചെറുപ്പക്കാരുടെ കാര്യമോ? ലോകത്തെ കാണാനുള്ള കണ്ണ് അവർ തുറക്കുന്നില്ല. ഉള്ളിലേക്കു നോക്കാനുള്ള കണ്ണും തുറക്കുന്നില്ല. അവർക്കുമുണ്ടൊരു മൂന്നാം കണ്ണ്. സ്മാർട്ട് ഫോൺ! അതു തുറക്കുന്നത് ഇന്റർനെറ്റിന്റെ ലോകം നീട്ടിത്തരുന്ന പ്രലോഭനങ്ങളിലേക്കാണ്. ലോകത്തെപ്പറ്റിയും തന്നെപ്പറ്റിയും വിചാരമില്ലാതെ അവർ പ്രലോഭനങ്ങൾ ഉളവാക്കുന്ന ഈ മൂന്നാം കണ്ണ് തുറന്നുവിടുന്ന നൈമിഷികമായ വികാരങ്ങളാൽ പ്രേരിതരായി അവിവേകം പ്രവർത്തിക്കും. ക്രൂരകൃത്യങ്ങളും അധാർമ്മികമായ കാര്യങ്ങളും ചെയ്യും. മാനുഷികത അവരെ വിട്ടൊഴിയുകയോ, മാനുഷികത അവരോട് അടുക്കാതിരിക്കുകയോ ചെയ്യും. ഏതുതരം നാശത്തിലേക്കാണ് അവരെ ഈ ആധുനിക പ്രതിഭാസം തള്ളിക്കൊണ്ടു പോകുന്നത് എന്ന് അവർ അറിയുന്നില്ല. അവരെ വളർത്തിവിട്ടിരിക്കുന്ന മുതിർന്ന തലമുറയും അറിയുന്നില്ല. ഭഗവദ്ഗീതയിലെ ഒരു ഭാഗം ഓർമ്മ വന്നു:
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോഭി ജായതേ
ക്രോധാദ് ഭവതി സമ്മോഹഃ സമ്മോഹാദ് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി.
ഇതിന്റെ അർത്ഥം ഇങ്ങനെയാണ്: മനസ് ഏതിലെങ്കിലും താത്പര്യപൂർവം പറ്റിപ്പിടിച്ചാൽ ഉള്ളിൽ കാമം ജനിക്കും. കാമത്തെ പിൻപറ്റി (ആഗ്രഹം സഫലമാകാതെ വരുമ്പോൾ ) ഉള്ളിൽ ക്രോധമുണ്ടാകും. ക്രോധം ഉള്ളിൽ നിറയുമ്പോൾ വീണ്ടുവിചാരമില്ലാത്ത അവസ്ഥ (സമ്മോഹം ) ഉണ്ടാകും. സമ്മോഹമുണ്ടായാൽ നമ്മൾ എല്ലാം മറക്കും. എല്ലാം മറക്കുമ്പോൾ ബുദ്ധി പ്രവർത്തിക്കാതെയാവും. ബുദ്ധിനാശം (അവിവേകം) അങ്ങേയറ്റത്തെ നാശത്തിനു ഇടയാക്കുന്നു.
ഈ ദുരന്തത്തിനുള്ള സാദ്ധ്യതയെ സ്വയം മുൻകൂട്ടി കാണാനുള്ള കഴിവ് ഈ യുവതലമുറയ്ക്കില്ല. അതുണ്ടാക്കിക്കൊടുക്കാൻ അവരെ വളർത്തിയെടുക്കുന്ന തലമുറക്കാർ ശ്രദ്ധിക്കുന്നുമില്ല.
ഈ പുതിയ മൂന്നാം കണ്ണ് വളരെ വിവേകപൂർവം തുറന്നാൽ അത് നമ്മെ വിജ്ഞരാക്കും. വിവേകമില്ലാതെ തുറന്നാൽ നമ്മെ ഇല്ലാതാക്കും. മറ്റ് രണ്ടു കണ്ണുകളും തുറന്നതിനു ശേഷമേ ഈ മൂന്നാം കണ്ണുകൊണ്ടു കാണുന്ന കാഴ്ചയ്ക്ക് അർത്ഥമുണ്ടാവൂ എന്നതും ഓർക്കണം.