ബംഗളൂരു: പൊട്ടിപ്പൊളിഞ്ഞ ചുവരുകളുള്ള ഒരു പഴയ ദേവാലയം. ഉള്ളിലേക്ക് കയറിയാൽ, ജലമൊഴുകുന്നതിന്റെയും പക്ഷികൾ ചിറകടിക്കുന്നതിന്റെയും ഒച്ച കേൾക്കാം. ആകെമൊത്തം ഒരു പ്രേതക്കൊട്ടാരത്തിന്റെ ഫീൽ. കർണാടകയിലെ ഷെട്ടിഹള്ളിയിലാണ് കാഴ്ചകളുടെ വിസമയമൊരുക്കി നൂറ്റാണ്ടുകൾ പഴക്കമുള്ള റോസറി ചർച്ച് എന്ന ഈ ചരിത്രവിസ്മയം നിലകൊള്ളുന്നത്.
157 വർഷങ്ങൾക്കു മുൻപ് 1860ൽ തെക്കേ ഇന്ത്യയിലെത്തിയ ഫ്രഞ്ച് മിഷണറി പ്രവർത്തകരാണ് ഷെട്ടിഹള്ളിയിൽ ഫ്രഞ്ച് വാസ്തുവിദ്യ അടിസ്ഥാനമാക്കി പുഴക്കരയിൽ ഈ ദേവാലയം പണികഴിപ്പിച്ചത്. കാലക്രമേണ പള്ളിക്കു ചുറ്റും വീടുകൾ വന്നു. കടകളാരംഭിച്ചു. ഗ്രാമത്തിന്റെ പ്രധാന കേന്ദ്രമായി റോസറി ചർച്ച് മാറി. എന്നാൽ പിന്നീട് തുടർച്ചയായുണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയാതെ ഗ്രാമവാസികൾ അവിടംവിട്ടു. അങ്ങനെ റോസറി ചർച്ച് ഒറ്റപ്പെട്ടു. സമീപത്തുള്ള ഡാമിൽ വെള്ളമുയരുമ്പോൾ മുങ്ങിയും വേനൽക്കാലത്ത് ഉയർന്നുനിന്നുമാണ് റോസറി ചരിത്രത്തിന്റെ കാഴ്ചകളൊരുക്കി അവിടെ നിലകൊള്ളുന്നത്.