തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ ഇന്നലെ പുലർച്ചെ ആഹ്വാനം ചെയ്ത ഹർത്താലിൽ ജനജീവിതം ദുസഹമായി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓടിയില്ല. സംസ്ഥാനത്തിന്റെ വിവിധയിടങ്ങിൽ സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെ നടുറോഡിൽ മണിക്കൂറുകളോളം വലഞ്ഞു. കടകമ്പോളങ്ങൾ തുറന്നില്ല. ആട്ടോറിക്ഷകൾ മിക്കയിടത്തും നിരത്തിലിറക്കിയില്ല.
ആർ.സി.സി, മെഡിക്കൽ കോളേജ് ആശുപത്രി, ശ്രീചിത്ര എന്നിവിടങ്ങളിൽ പോകാൻ ദൂരസ്ഥലങ്ങളിൽ നിന്ന് വെളുപ്പിന് തലസ്ഥാനത്തെത്തിയവർക്ക് പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും വാഹനങ്ങളായിരുന്നു ആശ്രയം. ഭൂരിഭാഗം പേരും രാവിലെയാണ് ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പല ഭാഗത്തും കല്ലേറുണ്ടാവുകും തടയുകയും ചെയ്തപ്പോഴാണ് കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിവച്ചത്.
അതേസമയം, അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് തടസുമുണ്ടായില്ല. നിലയ്ക്കൽ - പമ്പ സർവീസുകൾ തടസപ്പെട്ടില്ല. എന്നാൽ തിരുവനന്തപുരത്തു നിന്ന് രാവിലെ പമ്പയിലേക്കുള്ള ബസുകൾക്ക് പൊലീസ് സംരക്ഷണം കിട്ടാത്തതിനാൽ സർവീസ് ആരംഭിക്കാൻ വൈകി. കുട്ടികളും വൃദ്ധരുമടക്കമുള്ള തീർത്ഥാടകരാണ് യാത്ര തുടരാനാകാതെ കുടുങ്ങിയത്. പിന്നീട് പൊലീസ് സംരക്ഷണം ഉറപ്പാക്കിയതോടെ സർവീസ് ആരംഭിച്ചു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
ബസുകൾക്ക് നേരെ കല്ലേറ്
ഇന്നലെ രാവിലെ മുതൽ ഹർത്താൽ അനുകൂലുകൾ വാഹനങ്ങൾ തടഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കടകൾ അടപ്പിച്ചു. തിരുവനന്തപുരത്ത് കരകുളം, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിറുത്തിവച്ചു, വയനാട് കമ്പളക്കാട് ടിപ്പറിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു.
ബത്തേരിയിൽ നിന്നു കോഴിക്കോട്ടേക്ക് പൊലീസ് അകമ്പടിയോടെ പോയ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്ട് ഗതാഗതം തടസപ്പെട്ടു. പാലക്കാട് കല്ലടിക്കോട്ടും കാസർകോട് - കറന്തക്കാട് ദേശീയപാതയിലും നിലമ്പൂരിലും ബസ് തടഞ്ഞു. കോഴിക്കോട്ട് സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും തടഞ്ഞിട്ടു. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിലും ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. എന്നാൽ ഇടുക്കി ജില്ലയിൽ ഹർത്താൽ ഭാഗികമായിരുന്നു. വിനോദ സഞ്ചാര മേഖലകളിൽ വാഹനങ്ങൾ സർവീസ് നടത്തി. മൂന്നാറിൽ കടകൾ തുറന്നു പ്രവർത്തിച്ചു.