അപ്രതീക്ഷിതമായൊരു ഹർത്താലിന്റെ പിടിയിലായിരുന്നു ഇന്നലെ കേരളം. പൊലീസിന്റെ ബുദ്ധിശൂന്യമായ ഒരു പ്രവൃത്തിയാണ് അതിന് നിമിത്തമായത്. ശബരിമല സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികലയെ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി നട്ടാപ്പാതിരയ്ക്ക് ഹർത്താലാഹ്വാനം പുറപ്പെടുവിച്ചത്. ശശികലയെ തടങ്കലിലാക്കിയതുപോലുള്ള അസംബന്ധ നടപടികളുടെ ഘോഷയാത്രയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എടുത്തുകൊണ്ടിരിക്കുന്നത്. മണ്ഡല പൂജക്കാലത്ത് ഇന്നേവരെ കേട്ടിട്ടില്ലാത്തതും കാണാത്തതുമായ പലതും അവിടെ സുരക്ഷയുടെ പേരിൽ കാട്ടിക്കൂട്ടുന്നു. വിശ്വാസത്തോടെ അവിടെ ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തന്മാർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാകട്ടെ തികഞ്ഞ അലംഭാവവും കാണിക്കുന്നു. പതിനായിരത്തിലേറെ പൊലീസുകാരെ മേഖല തിരിച്ച് യൂണിഫോമും തൊപ്പിയും ബൂട്ടുമിടുവിച്ച് അണിനിരത്തിയാൽ ഭക്തർക്ക് വേണ്ടതെല്ലാമായി എന്ന് ചുമതലപ്പെട്ടവർ ധരിച്ചുവശായതുപോലെ തോന്നുന്നു. തീർത്ഥാടനത്തിന്റെ പൂർണ നിയന്ത്രണാധികാരികളായ ദേവസ്വം ബോർഡിനെ തള്ളിമാറ്റിയാണ് ശബരിമലയിൽ പൊലീസ് സകല നിയന്ത്രണവും ഏൽക്കാനൊരുങ്ങുന്നത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സൃഷ്ടിച്ച അസാധാരണ സാഹചര്യമാണ് പൊലീസ് നടപടികൾക്ക് പിന്നിലുള്ളതെന്നത് വസ്തുതയാണെങ്കിലും ദർശനത്തിനെത്തുന്ന ഭക്തജനങ്ങളെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. വിരുദ്ധചേരിയിൽ നിൽക്കുന്നവർക്കൊപ്പംതന്നെ പൊലീസും സംയമനം കാണിക്കേണ്ടത് അത്യാവശ്യമാണ്.
ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നം കേവലം ക്രമസമാധാന പ്രശ്നമായി കാണാൻ ശ്രമിക്കുന്നതിൽനിന്ന് ഉണ്ടാകുന്നതാണ് അവിടെ കാട്ടിക്കൂട്ടുന്ന അതിരുവിടുന്ന പൊലീസ് നിയന്ത്രണങ്ങൾ. മണ്ഡലക്കാലത്തിന് ആരംഭം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച വൈകിട്ട് നട തുറക്കുന്നതിന് മുന്നോടിയായി ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും അല്പബുദ്ധിയിൽ നിന്ന് ഉടലെടുത്തവയാണ്. രാത്രി പത്തരയ്ക്ക് നട അടയ്ക്കുന്നതോടെ ഭക്തർ ഒന്നൊഴിയാതെ സന്നിധാനം വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളണമെന്നും പ്രസാദ കൗണ്ടറുകളും കടകളുമെല്ലാം പൂട്ടിക്കെട്ടണമെന്നും ആജ്ഞ നൽകിയ പൊലീസ് അധികാരികൾ ശബരിമലയിൽ പരമ്പരാഗതമായി തുടർന്നുവരുന്ന ആചാര കീഴ്വഴക്കങ്ങൾ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ദർശനത്തിനെത്തിയ ഭക്തജനങ്ങളെക്കാൾ എണ്ണത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടും സുരക്ഷയുടെ കാര്യത്തിൽ സ്വയം ബോദ്ധ്യമില്ലാത്തതു കൊണ്ടാവുമല്ലോ കാടടച്ചുകൊണ്ടുള്ള ഇൗ വെടിവയ്പ്പ്. നട തുറക്കുന്നതിനു മുമ്പേ തന്നെ സന്നിധാനത്തെത്തി വിവരങ്ങൾ മാലോകരെ അറിയിക്കാൻ പുറപ്പെട്ട മാദ്ധ്യമ പ്രവർത്തകരെയും പൊലീസ് ഒാടിച്ചുവിട്ടതും പുതിയൊരു അനുഭവമായിരുന്നു. മാദ്ധ്യമങ്ങളെ തടഞ്ഞ പൊലീസ് നടപടി ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനും ഇടയാക്കി. അവിടെ നടക്കുന്ന കാര്യങ്ങൾ ജനങ്ങൾ അറിയുന്നതിൽ എന്താണ് കുഴപ്പമെന്നാണ് കോടതി ചോദിച്ചത്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് മാദ്ധ്യമ പ്രവർത്തരെ ഇറക്കിവിട്ടതിലൂടെ പൊലീസ് അധികാരികൾ ഹനിക്കുന്നതെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. അസംഖ്യം ഭക്തന്മാർക്കും ഇതുപോലെ പൊലീസിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാലേകൂട്ടി എത്താൻ വേണ്ടി ദൂര ദിക്കുകളിൽനിന്ന് കുട്ടികളുമായെത്തിയവരെ മണിക്കൂറുകളോളം നിലയ്ക്കലും പമ്പയിലുമൊക്കെ തടഞ്ഞുവച്ച ശേഷമാണ് കടത്തിവിട്ടത്. തിരക്ക് നിയന്ത്രിക്കാനും സംഘർഷമുണ്ടായാൽ തടയാനും ആവശ്യത്തിലേറെ പൊലീസ് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയശേഷവും ഭക്തജനങ്ങളെ പലവിധത്തിൽ ക്ളേശിപ്പിക്കുന്നത് ഒട്ടും ശരിയല്ല.
ശബരിമല പ്രശ്നം വെറും ക്രമസമാധാന പ്രശ്നമായി കാണാൻ ശ്രമിക്കുന്നതുകൊണ്ടാണ് ആ രീതിയിലുള്ള സുരക്ഷാ നടപടികൾക്ക് മുൻതൂക്കം നൽകുന്നതെന്നു വേണം കരുതാൻ. യുദ്ധമുന്നണിയിലെ സജ്ജീകരണങ്ങളും സന്നാഹങ്ങളുമല്ല ശബരിമലയിൽ വേണ്ടത്. ശാന്തിയോടും സമാധാനത്തോടുംകൂടി ദർശനം നടത്താൻ ഭക്തജനങ്ങൾക്കുവേണ്ട സഹായം ഒരുക്കുന്നതിനാകണം പ്രഥമ പരിഗണന. ക്രമസമാധാന ഭംഗമുണ്ടാവുകയാണെങ്കിൽ മാത്രം മതി പൊലീസുമുറകൾ. പൊലീസുകാരിലും ഭക്തന്മാർ കാണും. അത് അപരാധമൊന്നുമല്ല. മുൻകാലങ്ങളിൽ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് സേനാംഗങ്ങളുടെ വിലപ്പെട്ട സേവനം ഏറെ പ്രശംസ പിടിച്ച് പറ്റുന്ന തരത്തിലുള്ളതായിരുന്നു. ശബരിമല ഡ്യൂട്ടിയിലായാലും പൊലീസ് ചിട്ടകൾ തരിമ്പും തെറ്റിക്കരുതെന്നും ഡ്രസ് കോഡ് കർക്കശമായി പാലിക്കണമെന്നും മറ്റുമുള്ള പുതിയ നിബന്ധനകൾ അനാവശ്യ വിവാദങ്ങൾക്ക് കാരണമാവുകയേയുള്ളൂ. നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമൊക്കെയായി വിന്യസിച്ചിട്ടുള്ള ആയിരക്കണക്കിന് പൊലീസുകാർക്ക് വേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽകൂടി ഇൗ ശുഷ്കാന്തി കാണിക്കേണ്ടതായിരുന്നു. അറിഞ്ഞിടത്തോളം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഭക്തരോടൊപ്പം പൊലീസ് സേനാംഗങ്ങളും വല്ലാതെ കഷ്ടപ്പെടേണ്ട സ്ഥിതിയാണ്.
ശബരിമലയിൽ അവശ്യം ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നത് വലിയ വീഴ്ചയാണ്. ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ പമ്പാതീരത്ത് വലിയ നാശമുണ്ടായെന്നുള്ളത് ശരിയാണ്. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും തീരത്തടിഞ്ഞ മണൽ നീക്കാൻ പോലുമാകാത്തത് ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടങ്ങുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിനുസരിച്ചുള്ള ഒരുക്കങ്ങൾ നടന്നിട്ടില്ലെന്നത് ദേവസ്വം ബോർഡിന്റെ കടുത്ത ജാഗ്രതക്കുറവുതന്നെയാണ്.