വെള്ളറട: ശശികല ടീച്ചറെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിക്ഷേധിച്ച് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ മലയോരമേഖലയിൽ പൂർണ്ണമായിരുന്നു. രാത്രി വളരെ വൈകി ഹർത്താൽ പ്രഖ്യാപനം ഉണ്ടായത് അറിയാതെ പുലർച്ചെ എത്തിയ യാത്രക്കാർ വലഞ്ഞു. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങളും രാവിലെ നിരത്തിലിറങ്ങിയെങ്കിലും സമാരനുകൂലികൾ തടഞ്ഞതിനെ തുടർന്ന് പലരും പകുതിവഴിയിൽ വാഹങ്ങൾ ഒതുക്കിയിട്ടു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിക്ഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. മലയൻകാവിൽ നിന്നും ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി പ്രഭാകരന്റെ നേതൃത്വത്തിൽ വെള്ളറട വരെ പ്രകടനം നടന്നു. കാരക്കോണത്തുനിന്നും കുന്നത്തുകാൽവരെയും കീഴാറൂരിൽ നിന്നും ഒറ്റശേഖരമംഗലം വരെയും ചെമ്പൂരിൽ നിന്നും ഒറ്റശേഖരമംഗലം വരെയും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രകടനങ്ങൾ നടന്നു. വെള്ളറട അമ്പൂരി, ആര്യങ്കോട് , ഒറ്റശേഖരമംഗലം, കുന്നത്തുകാൽ, പനച്ചമൂട് എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. പ്രധാന മലഞ്ചരക്ക് കേന്ദ്രമായ പനച്ചമൂട് മാർക്കറ്റിൽ ഇന്നലെ പ്രധാന ചന്ത ദിവസമായിരുന്നു. സാധനം വാങ്ങാനെത്തിയവർ വാഹനങ്ങൾ കിട്ടാതെ വലഞ്ഞു.