kda

കാട്ടാക്കട: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ ഗ്രാമീണ മേഖലയിൽ പൂർണ്ണം. കാട്ടാക്കട, ആര്യനാട്, വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ സർവീസുകൾ തുടങ്ങിയെങ്കിലും സമരാനുകൂലികൾ രംഗത്തെത്തിയതോടെ ബസുകൾ നിരത്തിലിറങ്ങിയില്ല. സർക്കാർ സ്ഥാപനങ്ങളും കട കമ്പോളങ്ങളും അടഞ്ഞു കിടന്നു. ആമച്ചലിൽ തുറന്നിരുന്ന കടയിൽ ചിലർ അതിക്രമം കാട്ടി മേശയും കസേരയും തകർത്തു. ഇതൊഴിച്ചാൽ മറ്റു അനിഷ്ട് സംഭവങ്ങൾ ഇല്ല. സമയം കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ബസുകൾ എത്താത്തതിനെ തുടർന്ന് കിലോമീറ്ററോളം നടന്ന് അടുത്ത ജംഗ്ഷനിലെത്തിയപ്പോഴാണ് പലരും ഹർത്താൽ വിവരം അറിയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മറ്റ് ആശുപത്രികളിലേയ്ക്കും പോകുന്നതിനായി പുലർച്ചേ എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്.

തകാട്ടാക്കട മംഗലയ്ക്കലിൽ തട്ടുകട തുറന്നതിനെതുടർന്ന് ഇന്നലെ രാവിലെ 9മണിയോടെ ചിലർ സമീപത്തെ തട്ടുകടകട അടിച്ചു തകർത്തു. ഹർത്താലറിയാതെ പതിവുപോലെ രാവിലെ തന്നെ കട തുറന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഹർത്താലനുകൂലികൾ എത്തി കട അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ കേസ് എടുത്തിട്ടുള്ളതായി കാട്ടാക്കട എസ്.ഐ സജി അറിയിച്ചു.

അപ്രതീക്ഷിത ഹർത്താലിൽ ചന്തയിലെ കച്ചവടക്കാർ പെരുവഴിയിലായി കാട്ടാക്കട ചന്തയ്ക്കു മുന്നിൽ രാവിലെ കച്ചവടക്കാർ പച്ചക്കറിയും മത്സ്യകച്ചവടവും നടത്തി. ശനിയാഴ്ച സാധാരണ ഗതിയിൽ കൂടുതൽ കച്ചവടം നടക്കാറുള്ളതിനാൽ അതനുസരിച്ചു സാധനങ്ങൾ എത്തിച്ചിരുന്നു.

ആര്യനാട്, വെള്ളനാട്, കുറ്റിച്ചൽ, കള്ളിക്കാട് മേഖലകളിൽ പ്രതിഷേധക്കാർ കടകമ്പോളങ്ങൾ പൂർണ്ണമായും അടപ്പിച്ചു. ഈ പ്രദേശങ്ങളിലും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ജനങ്ങൾ വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകാൻ എത്തിയെങ്കിലും ബസുകൾ സർവീസുകൾ നടത്താതായതോടെ തിരികെ പോകേണ്ടിവന്നു. എല്ലായിടങ്ങളിലും പ്രതിഷേധം നാമജപത്തിൽ ഒതുങ്ങി .ഹിന്ദു ഐക്യവേദി പ്രവർത്തകർക്കൊപ്പം ബി.ജെ.പി പ്രവർത്തകരും പ്രതിഷധത്തിൽ പങ്കാളികളായി.