kadakampally-mininster-sa

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല നാട്ടിലാകെ നടന്ന് വർഗീയവിഷം ചീറ്റുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചിലർക്ക് ഇത്തരം ആളുകളുടെ വിഷം ചീറ്റൽ ഇഷ്ടമാണ്. സ്ത്രീ എന്ന നിലയിൽ വായിൽ നിന്ന് വരാൻ പാടില്ലാത്തതാണ് അവർ പറയുന്നത്. അത് അവരുടെ സ്വാതന്ത്ര്യമാണ്. മതേതര ക്ഷേത്രമായി അറിയപ്പെടുന്ന ശബരിമലയിലും അവർ വിഷം വമിപ്പിക്കുകയാണ്. ബോധപൂർവം കലാപത്തിനു പദ്ധതിയിടുന്നതിനു വേണ്ടിയാണ് സ്ഥിരമായി ശശികല ശബരിമല സന്ദർശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏതു വിശ്വാസത്തിന്റെ പേരിലാണ് ശശികല മാസത്തിൽ നാലു തവണ ശബരിമല സന്ദർശിക്കുന്നത്? ഗുരുസ്വാമിമാർ പോലും അങ്ങനെ ചെയ്യാറില്ല. ഉദ്യോഗസ്ഥർ മാത്രമാണ് ശബരിമലയിൽ നിരന്തരം പോകുന്നത്. ശബരിമലയിൽ ക്യാമ്പ് ചെയ്ത് അവിടം ചോരക്കളമാക്കാനുള്ള നിരന്തര പരിശ്രമമാണ് ബി.ജെ.പിയും സംഘപരിവാറും ചെയ്യുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ കുറച്ച് വോട്ടിനു വേണ്ടി സംഘപരിവാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബി.ജെ.പിയും സംഘപരിവാർ സംഘടനകളും പതിനായിരക്കണക്കിനു ഭക്തരെയും ജനങ്ങളെയും വെള്ളംപോലും നിഷേധിച്ച് ബുദ്ധിമുട്ടിച്ചു. ശബരിമല ക്ഷേത്ര നടതുറക്കുന്ന വൃശ്ചികം ഒന്നിന് മറ്റ് ക്ഷേത്രങ്ങളിൽ ചിറപ്പ് മഹോത്സവവും കൂടി ആരംഭിക്കുന്ന ദിവസമാണ്. അന്നുതന്നെ ഹർത്താലിന് ആഹ്വാനം ചെയ്തതോടെ ഭക്തരോട് ഒരു താത്പര്യവും ഇല്ലെന്ന് തെളിയിച്ചു. സാധാരണ ശബരിമല സീസണിൽ ഹർത്താലുകളിൽ നിന്ന് ശബരിമല തീർത്ഥാടകരെയും പത്തനംതിട്ട ജില്ലയെയും ഒഴിവാക്കും. ഇവിടെ അതും ഉണ്ടായില്ല.

ജനങ്ങൾക്കെതിരെ മാത്രമല്ല വിശ്വാസികൾക്കെതിരെയും കൂടിയാണ് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സമരം.ഒരു പൗരയ്ക്കുള്ള സംരക്ഷണമാണ് പൊലീസ് തൃപ്തി ദേശായിക്ക് നൽകിയത്. അതേ സുരക്ഷ ശശികല ടീച്ചറിനും ലഭിക്കുമെന്നും കടകംപള്ളി പറഞ്ഞു.