കാട്ടാക്കട: കുളത്തുമ്മൽ എൽ.പി സ്‌കൂളിൽ ഇന്നലെ നടത്താനിരുന്ന പൊതുജനങ്ങൾക്കുള്ള പരാതി പരിഹാര അദാലത്ത് ഹർത്താൽ കാരണം തടസ്സപ്പെട്ടു. മാസങ്ങൾക്ക് മുൻപ് നടത്തിയ തയാറെടുപ്പാണ് ഇന്നലെ തടസ്സപ്പെട്ടത്. അദാലത്തിൽ മുന്നൂറോളം പരാതികൾ ലഭിക്കുകയും അതിൽ പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയും കലക്ടർ മുഖേനയും തീർപ്പു നടന്നിരുന്നു. ശനിയാഴ്ച്ച വിവിധ വകുപ്പുകൾ ഏകോപിച്ചു കളക്റ്ററുമായി നേരിട്ടു തന്നെ പരാതി പരിഹാരത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു.

എ.ഡി.എം വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ കാട്ടാക്കട തഹസിൽദാർ ഷീജാ ബീഗം റവന്യു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദാലത്ത് തുടങ്ങിയത്. എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ അദാലത്തിൽ ആളുകൾക്ക് എത്താനും ബുദ്ധിമുട്ടായി.

അദാലത്ത് തുടങ്ങിയപ്പോൾ വിവിധ വകുപ്പുകളിൽ എട്ടുപേരാണു അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതിൽ ആദ്യ പരാതിക്കാരൻ തൂങ്ങാപാറ സ്വദേശി പി. മധുസൂദനൻ പഞ്ചായത്തിൽ ഉൾപ്പടെ അധികൃതർക്ക് ട്രൈ സ്‌കൂട്ടറിനായി അപേക്ഷ നൽകിയെങ്കിലും ഇതു പരിഗണിക്കാതായതോടെയാണ് അദാലത്തിൽ എത്തിയത്. ഇതു സമയബന്ധിതമായി തീർപ്പാക്കാൻ എ.ഡി.എം ബന്ധപ്പെട്ടവർക്ക് നിനിർദേശം നൽകി.തുടർന്ന് വന്ന എട്ടോളം പരാതികൾ പരിശോധിച്ച് അതത് വകുപ്പിന് കൈമാറി. ഹർത്താൽ കാരണം അദാലത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കളക്റ്ററുമായി ആലോചിച്ചു സൗകര്യപ്രദമായ തീയതി നിശ്ചയിച്ചു അദാലത്ത് നടത്തുമെന്നും തഹസിൽദാർ യു. ഷീജ ബീഗം അറിയിച്ചു.