തിരുവനന്തപുരം: വെട്ടുകാട് - വേളി റോഡിൽ ടൈറ്റാനിയം ഫാക്ടറിക്ക് സമീപത്ത് പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴി യഥാസമയം മൂടാതിരുന്നതിലൂടെ പൊലിഞ്ഞത് ഒരു ജീവൻ. സംഭവം വിവാദമായതോടെ പി.ഡബ്ളിയു.ഡി അധികൃതർ അതിവേഗം കുഴി മൂടി തടിതപ്പുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊച്ചുവേളി സ്വദേശിയായ രഞ്ജിത്ത് (27) എന്ന യുവാവ് മരിച്ചത്. ഇതു കൂടാതെ മൂന്ന് അപകടങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഒരു മാസം മുമ്പാണ് പൈപ്പ് ലൈനിന്റെ അറ്റക്കുറ്റപ്പണിക്കായി റോഡിന് സംമീപം കുഴിയെടുത്തത്. കുഴി മൂടാതിരുന്നതിനാൽ ഇടത് വശത്തുകൂടി പോകുന്ന വാഹനങ്ങൾ റോഡിന്റെ മധ്യഭാഗത്തേക്ക് കയറിയാണ് പോയിരുന്നത്. സംഭവ ദിവസം രാത്രി രഞ്ജിത്ത് സ്കൂട്ടറിൽ വരവെ കുഴി കണ്ട് വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു.
കുഴി മൂടുന്ന കാര്യം പലതവണ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവർ ചെവിക്കൊണ്ടില്ല. മഴ കഴിഞ്ഞ ശേഷമേ കുഴി മൂടി ടാർ ചെയ്യാനാകൂ എന്നായിരുന്നു കരാറുകാരുടെ നിലപാട്. അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കെയാണ് ഒരാളുടെ ജീവൻ നഷ്ടമായത്. സംഭവം ജനരോഷത്തിന് ഇടയാക്കുമെന്ന് മനസിലാക്കിയതോടെ അധികൃതർ ഉടനെ തന്നെ കുഴി മൂടി ടാർ ചെയ്യുകയായിരുന്നു.