mullapally

തിരുവനന്തപുരം: അയോദ്ധ്യ പ്രശ്നം പോലെ ശബരിമലയെ ഹൈന്ദവശക്തികളുടെ വർഗീയധ്രുവീകരണത്തിനുള്ള ദേശീയ അജൻഡയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയധ്രുവീകരണമുണ്ടാക്കി നേട്ടമുണ്ടാക്കാനാകുമോയെന്നാണ് നോട്ടം. അയോദ്ധ്യയുടെ പേരിൽ ഉത്തരേന്ത്യയിൽ അവർ ഈ നീക്കം വിജയിപ്പിച്ചിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ കേരളസന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട സമഗ്രചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം. വിദ്വേഷപ്രസംഗത്തിന്റെ പേരിൽ നിരവധി കേസുകളുള്ള ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികലയെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവാത്തവരാണ് ശബരിമലയിൽ ഇരുമുടിക്കെട്ടുമായെത്തിയപ്പോൾ അറസ്റ്റ് ചെയ്തത്. അറസ്റ്റിലൂടെ ശശികലയെ മഹത്വവത്കരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണ്. സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ശബരിമല വിഷയത്തിന്റെ പേരിൽ മഹാനവമിക്കും വൃശ്ചികം ഒന്നിനും ഹർത്താൽ നടത്തിയ ഹിന്ദുത്വശക്തികൾക്ക് കപടഭക്തിയാണ്. ഹർത്താലിനിടയിൽ ദുരിതമനുഭവിക്കുന്നത് അയ്യപ്പഭക്തരാണ്.

ശബരിമലയിലെ ശോച്യാവസ്ഥ: മൂന്ന് മുൻ മന്ത്രിമാരെ ശബരിമലയിലയയ്ക്കാൻ കോൺഗ്രസ്

ഭക്തജനങ്ങൾ നേരിടേണ്ടിവരുന്ന അത്യന്തം ശോചനീയമായ അവസ്ഥയെക്കുറിച്ച് നേരിട്ടറിയാൻ കോൺഗ്രസ് എം.എൽ.എമാരും മുൻ മന്ത്രിമാരുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂർ പ്രകാശും വി.എസ്. ശിവകുമാറും ഇന്ന് ശബരിമല സന്ദർശിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു.

പൊലീസിന്റെ നിയന്ത്രണം മൂലം ഭക്തർ പൊറുതിമുട്ടുകയാണ്. പൊലീസിന്റെ സഹായം നേരത്തേ ഭക്തർക്ക് ഉപകാരമായിരുന്നെങ്കിൽ ഇപ്പോഴത് മാറി. അവിടെ പൊലീസ് രാജ് അനുവദിക്കാനാവില്ല. ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള രാഷ്ട്രീയഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.