തിരുവനന്തപുരം : കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാത്ത സമൂഹത്തിന് പുരോഗതി നേടാനാകില്ലെന്ന വാസ്തവം സമൂഹത്തിന് പകർന്ന് പുതിയൊരു സാമൂഹ്യമുന്നേറ്റത്തിന് തുടക്കമിടാൻ ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന കേന്ദ്രം തയ്യാറെടുക്കുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അരുവിപ്പുറത്ത് ഗുരുദേവൻ തുടങ്ങിയ ആചാര നവീകരണത്തിന്റെ തുടർച്ചയായി കാണണമെന്നാണ് പഠനകേന്ദ്രത്തിന്റെ നിലപാട്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിധാരണകളെ ഗുരുദേവ ദർശനങ്ങളുടെ വെളിച്ചത്തിൽ തിരുത്തുകയെന്ന ലക്ഷ്യത്തോടെ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന ഐക്യവേദിക്ക് രൂപം നൽകും. നവോത്ഥാനത്തിന്റെ ഗുണഭോക്താക്കളായ സമുദായങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ലക്ഷ്യം. ഐക്യവേദി രൂപീകരിക്കാനുള്ള ആലോചനായോഗം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ്ക്ലബിൽ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.ആർ.യശോധരന്റെ അദ്ധ്യക്ഷതയിൽ നടക്കും. ചരിത്രവും വസ്തുതകളും വളച്ചൊടിച്ച് മാറ്റങ്ങളോട് മുഖം തിരിക്കുന്ന ഒരു വിഭാഗം സമൂഹത്തിൽ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ഗുരുദേവന്റെ ദർശനങ്ങൾ കൊണ്ട് അവയെ ചെറുക്കുകയാണ് പഠനകേന്ദ്രത്തിന്റെ ലക്ഷ്യം. മുതിർന്നവർക്കും യുവജനങ്ങൾക്കും ഗുരുദേവ ദർശനങ്ങൾ പകരുന്ന പഠനകേന്ദ്രത്തിന്റെ മറ്റൊരു സുപ്രധാന ദൗത്യമാണിത്.
സാർത്ഥകമായ 14 വർഷങ്ങൾ
ഗുരുദേവന്റെ ജീവിതവും ദർശനവും അന്തർദ്ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ 2004ൽ
സർക്കാർ ആരംഭിച്ച പ്രസ്ഥാനമാണ് ചെമ്പഴന്തി വയൽവാരം വീടിന് സമീപത്തെ ശ്രീനാരായണ അന്തർദ്ദേശീയ പഠന കേന്ദ്രം. ഇതിനൊപ്പം പുതിയ തലമുറക്ക് ശ്രീനാരായണ ദർശനങ്ങൾ പഠിക്കാൻ ഹ്രസ്വകാല കോഴ്സുകളും പഠനക്ലാസുകളും നടത്തുന്നുണ്ട്. ഗുരുവിന്റെ സന്ദേശങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാക്ഷകളിലും ആത്മോപദേശശതകം, പിണ്ഡനന്ദി തുടങ്ങിയ ഗുരുദേവ കൃതികളുടെ പഠനക്ലാസും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. 'വൺ വേൾഡ് വിഷൻ ഓഫ് ശ്രീനാരായണ ഗുരു' എന്ന പേരിൽ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
"ചരിത്രദൗത്യമാണ് ശ്രീനാരായണ അന്തർദ്ദേശീയ പഠനം കേന്ദ്രം ഏറ്റെടുക്കുന്നത്. കേരളത്തിലുണ്ടായിട്ടുള്ള സാമൂഹ്യമാറ്റങ്ങളെല്ലാം ഗുരുദേവൻ അരുവിപ്പുറത്ത് തുടക്കം കുറച്ച അചാരനവീകരണത്തിന്റെ തുടർച്ചയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും അത്തരമൊരു മാറ്റമായി കാണണം."
- ഡോ.എം.ആർ.യശോധരൻ
ഡയറക്ടർ, ശ്രീനാരായണ അന്തർദ്ദേശീയ പഠന കേന്ദ്രം