വിതുര: ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ബോണക്കാട്- വിതുര റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്. അമിതവേഗതയും അശ്രദ്ധയും റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് അനക്കമില്ലെന്നതാണ് വാസ്തവം. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ അമിതവേഗത്തിൽ പായുന്നതും ബോണക്കാട്- വിതുര റൂട്ടിലെ പ്രധാന കാഴ്ചയാണ്. പൊൻമുടി- വിതുര സംസ്ഥാനപാതയിൽ വിതുര കെ.പി.എസ്.എം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മദ്യശാല ബോണക്കാട് വിതുര റൂട്ടിലെ മരുതാമല പേരയത്തേക്ക് മാറ്റിയതോടെ ഇവിടേക്ക് വാഹനത്തിന്റെ പ്രവാഹമാണ്. ഇവിടേക്ക് ഇരുചക്രവാഹനങ്ങളിൽ എത്തുന്ന സംഘങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. കാൽനട യാത്രക്കാർ ഉൾപ്പടെ നിരവധി പേരാണ് ദിവസവും ഇവിടെ അപകടത്തിൽ പെടുന്നത്. ഈവഴി സൂക്ഷിച്ച നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. റോഡ് ചോരക്കളമായി മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. മാത്രമല്ല ഇൗ റൂട്ടിൽ പുറംപോക്ക് കൈയ്യേറ്റവും വ്യാപകമാണ്. ദൂരപരിധി ലംഘിച്ച് കടകളും വീടുകളും നിർമ്മിച്ചിരിക്കുന്നതും കാണാം. പുറംപോക്ക് കൈയ്യേറി കൃഷിയും നടത്തിയിട്ടുണ്ട്. കൂടാതെ റോഡരികിൽ കെട്ടിടനിർമ്മാണസാധനങ്ങൾ ഇറക്കിയിട്ട് റോഡ് തടസം സൃഷ്ടിക്കുക പതിവാണ്. നിയമലംഘനങ്ങൾ അനവധി അരങ്ങേറിയിട്ടും ആരും ശ്രദ്ധിക്കാറില്ല. ബോണക്കാട് വിതുര റോഡ് അത്യാധുനികരീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി ഫണ്ട് അനുവദിച്ചു കഴിഞ്ഞു. പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ഗട്ടറുകൾ നിറഞ്ഞുകിടക്കുന്ന റോഡിന്റെ മിക്ക ഭാഗവും മഴക്കാലത്ത് തടാകമായി മാറും. അപകടപെരുമഴ തന്നെ അരങ്ങേറിയിട്ടും ബന്ധപ്പെട്ടവർ റോഡിൽ സുരക്ഷാനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.