തിരുവനന്തപുരം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമായ സ്ട്രോക്കിനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് തുടങ്ങി. യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് സെൻട്രൽ ലാൻഷറിന്റെ സഹകരണത്തോടെ ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ സർജറി വിഭാഗമാണ് രാജ്യത്ത് ആദ്യമായി വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം സ്റ്റാച്യു റസിഡൻസി ടവറിൽ ഇന്ന് രാവിലെ 9.30ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി നിർവഹിക്കും.
നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ സ്ട്രോക്ക് ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം പ്രൊഫസർ മാരിയോൺ വാൾക്കർ മുഖ്യാഥിതിയാകും. യൂണിവേഴ്സിറ്റി ഒഫ് സെൻട്രൽ ലാൻഷറിലെ പ്രൊഫസർ ഡാമി കരോളിൻ വാക്കിംഗ്സ്, വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ഡോ. ജയരാജ് ദുരൈ പാണ്ഡ്യൻ എന്നിവർ സംസാരിക്കും. കോൺഫറൻസ് കോ-ഓർഡിനേറ്റർ ശ്രീചിത്ര ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. പി.എൻ. ഷൈലജ സ്വാഗതവും നഴ്സിംഗ് ഓഫീസർ വത്സലകുമാരി നന്ദിയും പറയും. കോൺഫറൻസിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ സ്ട്രോക്കിന്റെ ലക്ഷണങ്ങളും രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ചർച്ചചെയ്തു. യു.കെയിൽ നിന്നുള്ള 12അംഗ വിദഗ്ദ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, നഴ്സുമാർ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 320 പേരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് 4ന് സമാപിക്കും.