edu

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ ഒരു നിക്ഷേപമായാണ് കാണുന്നതെന്നും ഗുണനിലവാരം, സമത്വം എന്നിവയ്ക്കാണ് പ്രധാന ഊന്നലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രഥമ ഉപദേശക സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഈ അദ്ധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് സർവകലാശാലകൾ ബിരുദ ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട കഴിവുകളും അറിവുകളും എന്തൊക്കെയെന്ന് പൊതുജനത്തെ അറിയിക്കുന്നതിനായി ബിരുദ ഗുണങ്ങൾ (ഗ്രാഡ്വേറ്റ് ആട്രിബ്യൂട്ട്) പ്രസിദ്ധീകരിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നത്. പക്ഷേ, സർവകലാശാലകളുടെ പ്രകടനം തൃപ്തികരമല്ല. കുട്ടികളെ ആഗോളതലത്തിൽ മത്സരാർത്ഥികളാക്കാൻ സർവകലാശാലകൾ ലോകോത്തര സ്ഥാപനങ്ങളായി മാറേണ്ടതുണ്ട്. അക്കാഡമിക് സ്വാധീനത്തിന് മുൻതൂക്കം ലഭിക്കുന്ന രീതിയിലായിരിക്കണം സർവകലാശാലകൾ പ്രവർത്തിക്കേണ്ടത്. ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ നടപ്പാക്കണം. സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച് അദ്ധ്യാപകരുടെ വിഭവശേഷി പരാമാവധി ഉപയോഗപ്പെടുത്തണം. സ്റ്റേറ്റ് അക്രഡിറ്റേഷൻ സെന്റർ, ഫാക്വൽറ്റി ട്രെയിനിംഗ് സെന്റർ എന്നിവ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്നും സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി.ജലീൽ ആമുഖപ്രഭാഷണം നടത്തി. ഉപദേശകസമിതി അംഗങ്ങളായ പ്രൊഫ. സച്ചിദാനന്ദൻ, പ്രൊഫ. പ്രഭാത് പട്‌നായിക്, പ്രൊഫ. ഇ.ഡി. ജമ്മിസ്, എം.പിമാരായ എ.സമ്പത്ത്, കെ.കെ. രാഗേഷ്, എം.എൽ.എ മാരായ മുഹമ്മദ് മുഹ്‌സിൻ, ആർ. രാജേഷ്, ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈ​റ്റസ്, ഡോ. സി ഭാസ്‌കരൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.