prakadanam

വർക്കല: ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താൽ വർക്കല താലൂക്കിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. ബാങ്കുകളുടെയും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. സ്വകാര്യവാഹനങ്ങൾ നിരത്തിലോടി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹർത്താൽ അനുകൂലികളും ഓട്ടോറിക്ഷ ഓടാൻ ശ്രമിച്ച തൊഴിലാളികളും തമ്മിൽ ഏറെനേരം വാക്കേറ്റവും കൈയാങ്കളിയും നടന്നു. പൊലീസ് എത്തി ഇവരെ പിന്തിരിപ്പിച്ചു. മരക്കടമുക്ക്, പുന്നമൂട്, പുത്തൻചന്ത, മൈതാനം എന്നിവിടങ്ങളിൽ നിരത്തിലിറങ്ങിയ വാഹനങ്ങളെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇത് ഏറെ നേരത്തെ സംഘർഷത്തിന് ഇടയാക്കി. പാപനാശത്തേക്ക് പോകാൻ ട്രെയിനിലെത്തിയ വിദേശികളും വാഹനം കിട്ടാതെ വലഞ്ഞു. പൊതുമാർക്കറ്റുകളുടെ പ്രവർത്തനവും നിശ്ചലമായി. ഹർത്താൽ അനുകൂലികൾ വർക്കല നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നേതാക്കളായ രാമചന്ദ്രആചാര്യ, തച്ചോട് സുധീർ, ആലംകോട് ദാനശീലൻ, മാവിളബാബു, വിജയൻ ജനാർദ്ദനപുരം, രാമചന്ദ്രൻ ചെറുകുന്നം, ചാവർകോട് ഹരിലാൽ, അജുലാൽ, സുനിൽകുമാർ കരുനിലക്കോട്, അജയൻ, ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.