തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ പാർക്കിംഗ് പാടില്ലെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. എയർപോർട്ട് അതോറിട്ടി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാൻ ദുബായിയിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന വട്ടിയൂർക്കാവ് സ്വദേശി കേണൽ കെ. യോഹന്നാൻ നൽകിയ പരാതിയിലാണ് നടപടി. വിമാനത്താവളത്തിൽ മറ്റ് കാറുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് യോഹന്നാൻ തന്റെ കാറും പാർക്ക് ചെയ്തു. പെൺകുട്ടിയുമായി പെട്ടെന്ന് മടങ്ങിയെത്തിയപ്പോൾ തന്റെ വാഹനത്തിന്റെ വീൽ പൂട്ടിയിരിക്കുന്നത് കണ്ടു. പാർക്കിംഗ് പാടില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തതിന് 3000 രൂപ നൽകണമെന്ന് ട്രാഫിക് കോൺസ്റ്റബിൾ ആവശ്യപ്പെട്ടു. 3000 രൂപ ഇല്ലാത്തതിനാൽ കാറെടുക്കാൻ കഴിഞ്ഞില്ല. എ.ടി.എം പ്രവർത്തനക്ഷമമായിരുന്നില്ല. മറ്റൊരു യാത്രക്കാരൻ തുക നൽകിയതുകൊണ്ടു മാത്രമാണ് കാർ എടുക്കാൻ കഴിഞ്ഞത്. പിഴ പിറ്റേന്ന് അടയ്ക്കാമെന്ന് എയർപോർട്ട് മാനേജറോട് പറഞ്ഞിട്ടും അനുവദിച്ചില്ലെന്നും താൻ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് പാർക്കിംഗ് പാടില്ലെന്ന ബോർഡുണ്ടായിരുന്നിലെന്നും പരാതിയിലുണ്ട്.
നിയമപ്രകാരമാണ് പിഴ ഈടാക്കിയതെന്ന് എയർപോർട്ട് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിൽ ആവശ്യാനുസരണം പാർക്കിംഗ് സൗകര്യമുണ്ടെന്ന വാദം കമ്മിഷൻ അംഗീകരിച്ചില്ല. പാർക്കിംഗ് സൗകര്യം ഉണ്ടെന്ന് പറയുമ്പോൾ മറ്റ് സ്ഥലങ്ങളിൽ പാർക്കിംഗ് പാടില്ലെന്ന് മനസിലാക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറഞ്ഞു.