തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വം ബോർഡ് നാളെ സുപ്രീംകോടതിയിൽ ഹർജി നൽകും. സംസ്ഥാന സർക്കാരിനു നേരെ കോടതിയുടെ വിമർശനമുണ്ടാകാൻ പാടില്ലാത്ത വിധമാകണം ഹർജി തയ്യാറാക്കേണ്ടത് എന്ന നിർദേശമാണ് ബോർഡിന് ലഭിച്ചിരിക്കുന്നത്. പൊലീസ് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അതിനാൽ ഹർജിയിൽ ഉണ്ടാകില്ല.
പ്രളയത്തിൽ തകർന്ന പമ്പയിലും മറ്റും അടിസ്ഥാന സൗകര്യങ്ങളും സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളും ഒരുക്കാനുള്ളതിനാൽ സാവകാശം വേണമെന്നായിരിക്കും ആവശ്യപ്പെടുക. ബോർഡിനു വേണ്ടി അഭിഭാഷകൻ ചന്ദ്രഉദയസിംഗ് ആണ് ഹാജരാകുന്നത്.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ കോടതി വിധിക്കെതിരെ ചില സംഘടനകളിൽപ്പെട്ടവർ സമരം ചെയ്തതിനാൽ ആ സമയത്ത് വേണ്ട മുന്നൊരുക്കം നടത്താൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും. എന്നാൽ, ആ നാളുകളിലെ പൊലീസ് ക്രമീകരണത്തെ കുറിച്ച് പരാമർശിക്കില്ലെന്നാണ് അറിയുന്നത്.
ഇന്നലെ മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും തമ്മിൽ കൂടിക്കാഴ്ച നടന്നില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ആശയവിനിമയം നടത്തി. ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ഹർജിയിലെ പരാമർശ വിഷയങ്ങൾ പത്മകുമാർ വിശദീകരിക്കും.