തിരുവനന്തപുരം: ഇന്നലത്തെ ഹർത്താൽ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ശബരിമലയിൽ 10 മുതൽ 50 വയസുവരെയുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അംഗീകരിക്കാത്തവരാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. വിശ്വാസത്തെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവർ ശബരിമലയെ തകർക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ശബരിമലയെ ഉൾപ്പെടെ തകർത്ത് തീർത്ഥാടകർക്ക് രക്ഷയില്ലെന്ന പ്രചാരണവുമായി രംഗത്തുവരുന്നത്.
ശബരിമലയിലെ തീർത്ഥാടകരിൽ വലിയ വിഭാഗം വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. ശബരിമലയിൽ കുഴപ്പങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ച് തീർത്ഥാടകരെ അകറ്റിനിറുത്താനാണ് നീക്കം. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത് എന്ന പ്രചാരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകർക്കാൻ നടത്തുന്ന പ്രചാരണത്തിന്റെ തുടർച്ചയാണിത്. സന്നിധാനത്തിൽ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാൻ തീരുമാനിച്ചവരാണ് ഇതിന് പിന്നിൽ.
സാധാരണ ഹർത്താലിൽ തീർത്ഥാടകരെയും ശബരിമല സീസണിൽ പത്തനംതിട്ട ജില്ലയെയും ഒഴിവാക്കാറുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും ഉയർത്തിപ്പിടിക്കാത്തവരാണ് സംഘപരിവാറെന്ന് വ്യക്തമായി. അവസരം മുതലാക്കുക എന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവനയെയും ഇതുമായി കൂട്ടിവായിക്കണമെന്നും സി.പി.എം പറഞ്ഞു.