തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജീവൻലാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് കത്ത് നൽകി. പ്രതിയെ രക്ഷിക്കാൻ പൊലീസ് മനഃ പൂർവം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കാട്ടി ഇരയായ പെൺകുട്ടി പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചെന്നിത്തല പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.
കേസന്വേഷണത്തിൽ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് പുലർത്തുന്നത്. പ്രതിയെ രക്ഷപ്പെടുത്താൻ സി.പി.എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സാദ്ധ്യതയുണ്ടെന്ന് ഇരയായ പെൺകുട്ടി പറയുന്നു. ഇര നൽകിയ മൊഴികളുടെയും സഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.