തിരുവനന്തപുരം : നവോത്ഥാനത്തിന്റെ പാരമ്പര്യം കോൺഗ്രസിന് മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ക്ഷേത്ര പ്രവേശനദിന വാരാചരണത്തിന്റെ ഭാഗമായി സമത്വ തത്വവാദ സംഘം ട്രസ്റ്റ് പ്രസ് ക്ളബിൽ സംഘടിപ്പിച്ച നവോത്ഥാന ദശകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തിന്റെ ശില്പിയാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന് പകരമായി ആരുമില്ല. അയിത്തോച്ചാടനം നടപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ടി.കെ. മാധവനെ പോലുള്ളവരെ ഇന്നത്തെ തലമുറ മാതൃകയാക്കണം- മുല്ലപ്പള്ളി പറഞ്ഞു.
ബി.എസ്. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, ഡി. സുദർശനൻ, പ്രൊഫ. ജി. ബാലചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ , ആറ്റിങ്ങൽ അജിത്ത്, കെ.പി. ഹരിദാസ്, അഡ്വ. അനിൽ കുമാർ, നിർമ്മലാനന്ദൻ, അഡ്വ. കോവളം സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.