കല്ലമ്പലം∙ഹിന്ദുഐക്യവേദി അഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ കല്ലമ്പലത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. രാവിലെ തുറക്കാൻ ശ്രമിച്ച കടകളെയും ബാങ്കുകളെയും സമരാനുകൂലികൾ അടപ്പിച്ചു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. മറ്റ് വാഹനങ്ങളെല്ലാം നിരത്തിലോടി. ഹർത്താലിനോടനുബന്ധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കല്ലമ്പലത്ത് നടന്ന നാമജപവും പ്രതിഷേധ പ്രകടനവും കർഷകമോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൈവേലിക്കോണം ബിജു, സജി, ശ്രീകുമാർ, അജി, ഷിബു, അജു, രാജീവ് എന്നിവർ സംസാരിച്ചു. ശബരിമലക്കും വിശ്വാസികൾക്കും എതിരെ നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സമരാനുകൂലികൾ അറിയിച്ചു.